കണ്ണൂര്‍: ജില്ലയിലെ കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള മാങ്ങാടെ ഇരുട്ടുമുറി ഇനി ഓർമ. കമ്യൂണിസ്റ്റുകാരെ തെരഞ്ഞു പിടിച്ച് അക്രമിച്ചിരുന്ന 1948ലെ പൊലീസ് സ്റ്റേഷന്‍ ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കിത്തുടങ്ങി.
പേടിസ്വപ്‌നം പിന്നീട് ആശ്രയകേന്ദ്രം
1948 കാലത്ത് മാങ്ങാട് അങ്ങാടിയുടെ ഹൃദയഭാഗത്ത് പകലും രാത്രിയുമെന്നില്ലാതെ കമ്മ്യൂണിസ്റ്റുകാരുടെ നിലവിളികള്‍ ഉയര്‍ന്നിരുന്ന ഒരു ഇരുട്ടുമുറിയുണ്ടായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തന കേന്ദ്രമായി മാറിയ അന്നത്തെ പൊലീസ് സ്റ്റേഷനാണ് ദേശീയപാത വികസനത്തിനായി പൊളിച്ചു നീക്കുന്നത്.
1948 മുതല്‍ 1951 വരെയാണ് ഇവിടെ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തനം കുറ്റമായിക്കണ്ട് വേട്ടയാടപ്പെട്ടിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പോരാളികളുടെ രക്ഷാ കേന്ദ്രമായിരുന്നതിനാലാണ് മാങ്ങാട് തന്നെ ഇത്തരത്തിലൊരു കേന്ദ്രം തുടങ്ങുന്നതിന് പൊലീസിനും കോണ്‍ഗ്രസിനും പ്രേരണയായതെന്ന് ഇ.പി ജയരാജന്‍ പറയുന്നു.