കണ്ണൂർ :മാനസയുടെ മൃതദേഹം കണ്ണൂർ നാറാത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. ഞായറാഴ്ച രാവിലെ 7.30നാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ചത്.
വീട്ടിനകത്ത് അടുത്ത ബന്ധുക്കൾ കണ്ടതിന് ശേഷമാണ് വീട്ടുമുറ്റത്ത് നാട്ടുകാർക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൗകര്യം ഒരുക്കിയത്. രാവിലെ ഒമ്പത് മണി വരെയായിരുന്നു വീട്ടിലെ പൊതുദർശനം. പയ്യാമ്പലം ശാന്തി തീരം ശ്മശാനത്തിൽ സംസ്കരിക്കും.
എറണാകുളം ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ ഹൗസ് സർജൻസി വിദ്യാർഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വാടക വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് രാഖിൽ വെടിവച്ചത്.
സുഹൃത്തുക്കളോടൊപ്പം താമസസ്ഥലത്ത് ഇരിക്കുകയായിരുന്ന മാനസയെ തൊട്ടടുത്ത മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയാണ് കൊല നടത്തിയത്. ഉടൻ തന്നെ രാഖിലും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി.