കണ്ണൂർ : കോതമംഗലത്ത് വെടിയേറ്റ് മരിച്ച ഡെന്‍റൽ വിദ്യാർഥി മാനസയുടെ മൃതദേഹം കണ്ണൂര്‍ പയ്യാമ്പലം ശ്‌മശാനത്തിൽ സംസ്‌കരിച്ചു. ഞായറാഴ്‌ച രാവിലെ 7.30നാണ് കണ്ണൂർ എകെജി ആശുപത്രിയിൽ നിന്നും മാനസയുടെ മൃതദേഹം വീട്ടിലെത്തിച്ചത്.
വീട്ടിനകത്ത് വച്ച് അടുത്ത ബന്ധുക്കൾ കണ്ടതിന് ശേഷം മുറ്റത്ത് നാട്ടുകാർക്ക് അന്തിമോപചാരം അർപ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ ഒമ്പത് മണി വരെയായിരുന്നു വീട്ടിലെ പൊതുദർശനം.
മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ, മേയർ ടി.ഒ മോഹൻ, ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ ഉൾപ്പടെ രാഷ്ട്രീയ നേതാക്കളും സമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അർപ്പിക്കാൻ മാനസയുടെ വീട്ടിലെത്തിയിരുന്നു.
ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമെന്ന് എം.വി ഗോവിന്ദൻ
ഉത്തരേന്ത്യൻ സ്റ്റൈൽ കൊലപാതകമാണ് കോതമംഗലത്ത് നടന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ പ്രതികരിച്ചു. വിഷയം എറണാകുളം എസ്‌പി കാർത്തിക്കുമായി സംസാരിച്ചിരുന്നുവെന്നും അപൂർവങ്ങളിൽ അപൂർവമായ കേസായാണ് സംഭവത്തെ സർക്കാർ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
തോക്കിന്‍റെ ഉറവിടം തേടി ബിഹാർ ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമാണ് മാനസയുടെ സംസ്‌കാര ചടങ്ങുകൾ പയ്യാമ്പലത്ത് ശാന്തിതീരം ശ്‌മശാനത്തില്‍ നടന്നത്.