കണ്ണൂർ: കഴുത്തിൽ നീലക്കല്ലുകൾ പതിച്ച നീളമുള്ള മക്കത്തെ മാല, കാതിൽ മരതക കമ്മൽ, വീതിയേറിയ കരയുള്ള മുണ്ടും നിളൻ ബ്ലൗസുമണിഞ്ഞ് മാളിയേക്കൽ തറവാട്ടിലെ ഉമ്മറത്ത് കണ്ണട പോലും വെക്കാതെ ഇംഗ്ലീഷ് പത്രങ്ങൾ വായിക്കുന്ന മാളിയേക്കൽ മറിയുമ്മ ഇനി ഓർമ്മ മാത്രം. മലബാറിലെ മുസ്‌ലിം സമുദായത്തിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയായ മാളിയേക്കൽ മറിയുമ്മ വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെയാണ് അന്തരിച്ചത്.
വിദ്യാഭ്യാസത്തിലൂടെ വിപ്ലവം നടത്തിയ ധീര വനിത; ഇംഗ്ലീഷ് പറയാൻ ഇനി മാളിയേക്കൽ മറിയുമ്മയില്ല ദി ഹിന്ദു പത്രം തൊണ്ണൂറ്റിയേഴാം വയസിലും മണി മണി പോലെ വായിക്കുന്ന മറിയുമ്മ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനതകളില്ല. 1938-43 കാലത്ത് തലശേരി കോണ്‍വെന്‍റ് സ്‌കൂളിലെ ഏക മുസ്ലിം പെണ്‍കുട്ടിയായിരുന്നു മറിയുമ്മ. മുസ്ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച കാലത്ത് മുസലിയാരുടെ മകൾ ഇംഗ്ലീഷ് കോണ്‍വെന്‍റ് സ്‌കൂളിലേക്ക് പോകുന്നത് യാഥാസ്ഥിതികർക്ക് സഹിക്കാനാവുമായിരുന്നില്ല.
റിക്ഷാവണ്ടിയില്‍ ബുര്‍ഖയൊക്കെ ധരിച്ചാണ് സ്‌കൂളില്‍ പോവുക. ഒവി റോഡിലെത്തിയാല്‍ അന്നത്തെ സമുദായ പ്രമാണിമാര്‍ കാര്‍ക്കിച്ച് തുപ്പുമായിരുന്നു. പരിഹാസവും ശകാരവര്‍ഷവും മാത്രമല്ല മുഖത്ത് കാർക്കിച്ച് തുപ്പുകയും ചെയ്തതോടെ മാനസികമായി തളർന്നു പോയിരുന്നു മറിയുമ്മ. എന്നാൽ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്ത ദേശീയവാദിയായ പിതാവ് ഒ വി അബ്ദുള്ള കോണ്‍വെന്‍റില്‍ തന്നെ പ്രാര്‍ഥനയ്‌ക്കും ഭക്ഷണം കഴിക്കാനും സൗകര്യം ഏര്‍പ്പെടുത്തി.
വിദ്യാഭ്യാസത്തില്‍ മാത്രമല്ല പൊതുരംഗത്തും മുസ്ലിം സ്ത്രീകള്‍ ഇറങ്ങുന്നതിൽ വലിയ എതിര്‍പ്പായിരുന്നു അക്കാലത്ത്. എന്നാൽ എതിർപ്പുകൾ മറികടന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഷേക് അബ്ദുള്ളയുടെ ല്‍സാന്നിധ്യത്തില്‍ ഇംഗ്ലീഷില്‍ മറിയുമ്മ പ്രസംഗിച്ചു. പുരോഗമന ഇടതുപക്ഷ ആശയങ്ങളുമായി എന്നും സഹകരിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി താനൊരു കോണ്‍ഗ്രസുകാരിയാണെന്ന് പറയാനും മറിയുമ്മക്ക് മടിയുണ്ടായിരുന്നില്ല.
'നന്നായി പഠിക്ക്.. പണി വാങ്ങിക്ക്.. പറ്റിയ ആളെ എപ്പോഴെങ്കിലും കിട്ടിയാൽ മാത്രം മംഗലം കയിച്ചോ.' എന്നതാണ് പുതുതലമുറയിലെ പെൺകുട്ടികൾക്ക് മാളിയേക്കൽ മറിയുമ്മ നൽകാറുള്ള ഉപദേശം. സഹനത്തിന്‍റെ കനല്‍വഴികൾ താണ്ടിയാണ് മറിയുമ്മ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. അതിനാൽ തന്നെ പൊരുതിനേടിയ അക്ഷരങ്ങളില്‍ പ്രായം തളര്‍ത്താത്ത കരുത്തുണ്ടായിരുന്നു മാളിയേക്കല്‍ മറിയുമ്മ എന്ന ധീര വനിതയ്‌ക്ക്