കണ്ണൂര്‍:ദേശീയ, അന്തര്‍ദേശീയ മാസ്റ്റേഴ്‌സ് മീറ്റുകളില്‍ തിളക്കമാർന്ന വിജയങ്ങളും മെഡലുകള്‍ വാങ്ങിക്കൂട്ടിയ സരോജിനിയുടെ ജീവിതം എന്നാൽ തിളക്കമുള്ളതല്ല. ജീവിതം കരുപ്പിടിപ്പിക്കാൻ ഇവർ ചെയ്യാത്ത ജോലികളില്ല. പിഎസ്.സി കോച്ചിംഗ് സെന്‍ററില്‍ താല്‍ക്കാലിക ജീവനക്കാരിയുടെ ജോലി മുതൽ അവസാനമായി കണ്ണൂര്‍ സ്‌പോർട്‌സ് സ്‌കൂളില്‍ വാര്‍ഡന്‍ കം അറ്റന്‍റര്‍ തസ്‌തികയിൽ വരെ ഇവർ ജോലി ചെയ്‌തു. എന്നിട്ടും ട്രാക്കിൽ നേടിയ വിജയം ജീവിതത്തിൽ നേടാൻ സരോജിനിക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
സ്വന്തമായി വീടെന്ന സ്വപ്‌നം നേടിയെടുക്കുക എന്നതാണ് സരോജിനി നേരിടുന്ന ഏറ്റവും വലിയ ആഗ്രഹം. സ്‌കൂളുകൾ അടച്ചതോടെ വാര്‍ഡന്‍ കം അറ്റന്‍റര്‍ തസ്‌തികയിലെ വരുമാന മാർഗവും നിലച്ചു. നിലവില്‍ സഹോദരന്‍റെ കൂടെയാണ് താമസം. വീട് എടുക്കാന്‍ സന്നധ സംഘടനകള്‍ മുന്നോട്ട് വന്നെങ്കിലും കൊവിഡും പ്രളയവും കാരണം അത് തടസപ്പെടുകയായിരുന്നു.
സരോജിനി നേടിയെടുത്ത മെഡലുകൾ
മൂന്ന് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത സരോജിനി 10,000, 5000, 3000 മീറ്റര്‍ നടത്തം, 800, 1500 മീറ്റര്‍ ഓട്ടം, 4100, 4-400 റിലേ, 200 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സ്, ലോങ്ജമ്പ് തുടങ്ങിയവയിൽ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ബ്രൂണൈയില്‍ നടന്ന ലോക ഓപ്പണ്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ മൂന്നു കിലോമീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും 800 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടി.
ലോക മാസ്റ്റേഴ്‌സ് മീറ്റുകളില്‍ സരോജിനിയുടെ മെഡല്‍ നേട്ടം 2010ല്‍ തുടങ്ങിയതാണ്. ഫ്രാന്‍സ്, സ്പെയിന്‍, ജപ്പാന്‍, ഓസ്ട്രേലിയ, ചൈന, സിംഗപ്പൂര്‍, ബ്രസീല്‍ തുടങ്ങി ഇന്ത്യക്ക് വേണ്ടി എട്ട് രാജ്യങ്ങളില്‍ നടന്ന മീറ്റുകളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.