കണ്ണൂർ :കോൺഗ്രസിന്‍റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത് മുഖ്യമന്ത്രിയെ വാഴ്‌ത്തി കെ വി തോമസ്. ഇന്ത്യയിലെ കൊള്ളാവുന്ന മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയനെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. നല്ലത് ചെയ്താൽ നല്ലതെന്ന് പറയണം. വികസന കാര്യത്തിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അതിനെ വിമർശിക്കണം.
അല്ലാതെ പിണറായി കൊണ്ടുവന്നു എന്നതുകൊണ്ട് ഒരു പദ്ധതിയെ എതിർക്കരുത്. ഗെയിൽ പൈപ്പ് ലൈൻ യാഥാർഥ്യമായത് പിണറായി വിജയന്‍റെ വിൽ പവർ കൊണ്ടാണ്. വികസനത്തില്‍ രാഷ്ട്രീയമില്ലെന്നും കെ.വി തോമസ് പറഞ്ഞു.
പദ്ധതി മുന്നോട്ടുവയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. കൊവിഡ് കാലത്ത് ഏറ്റവും നന്നായി പ്രവർത്തിച്ചത് പിണറായി സർക്കാരാണ്. സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച മാനസിക സമ്മര്‍ദമുണ്ടായപ്പോള്‍ തന്നെ ആശ്വസിപ്പിച്ചത് പിണറായി വിജയനാണ്. കെ റെയിലിനെ താൻ അനുകൂലിക്കുന്നുവെന്നും കെ.വി തോമസ് വ്യക്‌തമാക്കി.
രാജ്യത്ത് വികസനം വേണം. സംസ്ഥാനത്തിന് ഗുണകരമായ പദ്ധതിക്കായി ഒറ്റക്കെട്ടായി നില്‍ക്കണം. വികസനം വരുമ്പോള്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. അത് ദുഃഖകരമാണെങ്കിലും അങ്ങനെയാണ് പല വികസനപദ്ധതികളും ഇവിടെ നടപ്പിലായതെന്നും കെ.വി തോമസ് പറഞ്ഞു.
സെമിനാറിൽ പങ്കെടുത്തത്തിൽ സന്തോഷം അല്ലാതെ ദുഃഖം ഇല്ല. താൻ ഇപ്പോഴും കോണ്‍ഗ്രസുകാരനാണെന്നും കെവി തോമസ് കൂട്ടിച്ചേര്‍ത്തു.