കണ്ണൂർ: കെഎം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി മദ്യലഹരിയിൽ സംഭവിച്ച് പോയതാകാമെന്ന് കുറ്റാരോപിതനായ തേജസിൻ്റെ പിതാവ് കുഞ്ഞിരാമൻ. 'ഇടതുപക്ഷ അനുഭവമുള്ള കുടുംബമാണ് തങ്ങളുടേത്, എന്നാൽ മകൻ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമായി പ്രവർത്തിച്ചിട്ടില്ല, പഠിക്കുന്ന കാലത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചിട്ടുണ്ട്, ബോംബെ ജീവിതത്തിലോ പ്രവാസ ജീവിതത്തിലോ രാഷ്ട്രീയം കണ്ടിട്ടില്ല' കുഞ്ഞിരാമൻ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കി. ഈ സംഭവത്തിന് ശേഷം മകൻ എവിടെയാണെന്ന് അറിയില്ലെന്നും മദ്യലഹരിയില്‍ പറഞ്ഞു പോയതിന് മകന് വേണ്ടി ഷാജിയോട് മാപ്പ് ചോദിക്കാൻ തയ്യാറാണെന്നും കുഞ്ഞിരാമൻ പറഞ്ഞു.
കെഎം ഷാജിക്കെതിരായ വധഭീഷണി മദ്യലഹരിയിലാകാമെന്ന് തേജസിന്‍റെ പിതാവ് - കെഎം ഷാജി എംഎല്‍എ
മകൻ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയുടേയും ഭാഗമായി പ്രവർത്തിച്ചിട്ടില്ലെന്നും മകന് വേണ്ടി ഷാജിയോട് മാപ്പ് ചോദിക്കാൻ തയ്യാറാണെന്നും കുഞ്ഞിരാമൻ പറഞ്ഞു.
അതേസമയം തേജസിൻ്റെ അച്ഛൻ്റെ പ്രതികരണത്തിൽ വലിയ വിഷമം തോന്നിയെന്നും അദ്ദേഹത്തിൻ്റെ നിസ്സഹായാവസ്ഥയിൽ പ്രയാസമുണ്ടെന്നും കുടുംബത്തോട് യാതൊരു വിധ വിരോധവുമില്ലെന്നും കെഎം ഷാജി വ്യക്തമാക്കി. കേസ് പിൻവലിക്കാനും നേരിൽ വന്നാൽ തേജസിനോട് തുറന്ന് സംസാരിക്കാനും തയ്യാറാണെന്നും കെഎം ഷാജി പറഞ്ഞു. ഇതിനിടെ വിജിലൻസ്, ഇ.ഡി കേസുകളിൽപെട്ട എംഎൽഎ അതിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് പൊലീസിൻ്റെ സഹായത്തോടെ ഈ പരാതി ഉന്നയിച്ചതെന്ന് കാണിച്ച് തേജസ് തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകി.