കണ്ണൂർ: സംഗീത ഉപകരണങ്ങൾ നോക്കാതെ വായിക്കുവാൻ വലിയ വിദഗ്‌ധർക്ക് മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ അതിനുമപ്പുറം കണ്ണുകെട്ടി തല തിരിച്ചുപിടിച്ച് കീ ബോർഡിൽ വിസ്‌മയം തീർക്കുകയാണ് കണ്ണൂർ പാടിയോട്ടുചാലിലെ അമല രവീന്ദ്രൻ എന്ന മിടുക്കി. രണ്ടു മിനുട്ട് 42 സെക്കൻഡ് നേരം കണ്ണുകെട്ടി തല തിരിച്ചു പിടിച്ച കീബോർഡിൽ മലയാളം പാട്ട് വായിച്ചപ്പോൾ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും ഏഷ്യ ബുക്ക് ഓഫ് റെക്കോഡും അമലയ്ക്ക് സ്വന്തം. കീബോർഡിൽ മാത്രമല്ല ഗീറ്റാറിലും അമല സംഗീത വിസ്‌മയം തീർക്കും.
വ്യത്യസ്‌തതക്കായി കീബോർഡ് പഠനം
10 വർഷമായി അമല സംഗീതം പഠിക്കാൻ തുടങ്ങിയിട്ട്. കാഞ്ഞങ്ങാട് വേണുമാസ്റ്റർ ഉൾപ്പടെ പ്രശസ്‌തരുടെ ശിക്ഷണത്തിലാണ് അമല സംഗീതം പഠിച്ചത്. സംഗീതം പഠിക്കുന്നതിനൊപ്പം ഏതെങ്കിലും സംഗീത ഉപകരണവും പഠിക്കണമെന്ന ആഗ്രഹത്തോടെയാണ് പെൺകുട്ടികൾ അധികം കൈവെക്കാത്ത കീബോർഡ് പഠനത്തിലേക്ക് അമല നീങ്ങുന്നത്.
എല്ലാവരും ചെയ്യന്നതിലും അപ്പുറം എന്തെങ്കിലും ഒരു വ്യത്യസ്‌തത കൊണ്ടുവരണമെന്ന് അച്ഛൻ രവീന്ദ്രനാണ് അമലയോട് പറയുന്നത്. ആശയവും അച്ഛൻ തന്നെ നൽകി. കുടുംബം ഒന്നാകെ അമലക്ക് പിന്തുണ നൽകിയപ്പോൾ അമല കണ്ണ് കെട്ടി കീബോർഡ് തലതിരിച്ചു വായിക്കാൻ തുടങ്ങി. ആഗ്രഹങ്ങളെ കൈവിടാതെ കഠിനാധ്വാനം ചെയ്‌താൽ ആർക്കും വിജയിക്കാൻ സാധിക്കുമെന്ന് അമല പറയുന്നു. ഒരുപാട് നാളത്തെ പരിശ്രമത്തിനോടുവിലാണ് അമല പൂർണമായ വിജയം കണ്ടത്.