കണ്ണൂർ: വാർഷിക ഫീസ് അടക്കാത്ത വിദ്യാർഥികളെ പരീക്ഷ രജിസ്ട്രേഷൻ നടത്താൻ അനുവദിക്കില്ലെന്ന കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരുടെ നിലപാടിൽ നട്ടം തിരിഞ്ഞ് വിദ്യാർഥികൾ. അവസാന വർഷ ബി ഫാം പരീക്ഷ കാത്തിരിക്കുന്ന 62 ഓളം വിദ്യാർഥികളാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
ഈ മാസം 26നാണ് ഏഴാം സെമസ്റ്റർ പരീക്ഷ ആരംഭിക്കുന്നത്. എന്നാൽ വാർഷിക ഫീസായ 123605 രൂപ അടച്ചില്ലെന്ന കാരണത്താൽ മെറിറ്റിൽ ഉള്ള 15 പേരുടെ രജിസ്ട്രേഷൻ അല്ലാതെ ബാക്കിയുള്ളവരുടെ പരീക്ഷ രജിസ്ട്രേഷൻ അധികൃതർ നടത്തിയിട്ടില്ല. പരീക്ഷ ഫീസ് അടക്കാനുള്ള അവസാന തീയ്യതിക്കുള്ളിൽ എല്ലാ വിദ്യാർഥികളും പരീക്ഷ ഫീസ് അടച്ചിട്ടുണ്ട്.
വാർഷിക ഫീസിന്‍റെ അവസാന തീയതി സർക്കുലറില്ല
എന്നാൽ വാർഷിക ഫീസ് അടച്ചില്ലെന്ന് കാണിച്ചാണ് പരീക്ഷക്ക് രജിസ്ട്രേഷൻ നടത്താത്തതിന് കാരണമായി പറയുന്നത്. പരീക്ഷ ഫീസ് അടച്ചിട്ടും കോളജ് യൂണിവേഴ്‌സിറ്റിയിൽ അടക്കാത്തതിനാൽ വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ 400 രൂപ ഫൈൻ കൂടെ അടക്കേണ്ടി വരും. ശനിയാഴ്‌ച ആണെങ്കിൽ 5115 രൂപ ഫൈനും 200 രൂപയുടെ മുദ്ര പത്രത്തിൽ ഇത്ര ദിവസം കൊണ്ട് ഫീസ് അടക്കുമെന്ന് എഴുതി നൽകണമെന്ന നിലപാടിലാണ് അധികൃതർ.