കണ്ണൂർ: ട്രിപ്പിൾ ലോക്കിന് പുറമേ കണ്ണൂര്‍ ജില്ലയില്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പൊലീസ്. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടുകള്‍ പൂർണമായി അടച്ച് സീൽ ചെയ്തു. ഇടവഴികളില്‍ ഉള്‍പ്പെടെ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചു. മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്‌ടര്‍ ഉത്തരവിട്ടു. ഒരു വാർഡിൽ ഒരു കട മാത്രം പ്രവർത്തിക്കാൻ അനുവദിക്കും.
ട്രിപ്പിള്‍ ലോക്കിന് പിന്നാലെ കണ്ണൂരില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ - ഹോട്ട്‌സ്‌പോട്ട് കണ്ണൂര്‍
മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ഹോം ഡെലിവറിയിലൂടെയാക്കും
ജില്ലയിലെ 24 ഹോട്ട്‌സ്‌പോട്ടുകളിൽ ചുരുക്കം മെഡിക്കൽ ഷോപ്പുകളൊഴികെ ഒന്നും പ്രവർത്തിക്കില്ല. ജില്ലയില്‍ പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കര്‍ശനമാക്കിയതെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. രോഗികളുമായി ബന്ധപ്പെട്ട പ്രൈമറി, സെക്കന്‍ററി കോൺടാക്റ്റുകളും വീടുകളില്‍ തുടരണമെന്നും സാഖറെ പറഞ്ഞു.
അവശ്യ സാധനങ്ങളുടെ ഹോം ഡെലിവറി വാര്‍ഡ് അംഗത്തിന്‍റെ നേതൃത്വത്തില്‍ കുടുംബശ്രീയും സന്നദ്ധ വോളന്‍റിയര്‍മാരും ഉറപ്പാക്കും. സൗജന്യ റേഷന്‍ ഉള്‍പ്പെടെ വീടുകളിലെത്തിക്കും. കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തുന്നുണ്ട്. അതിനിടെ നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 437 കേസുകൾ രജിസ്റ്റർ ചെയ്തു. 347 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.