കണ്ണൂര്‍: തളിപ്പറമ്പ നഗരസഭയുടെ കരിമ്പം ട്രഞ്ചിങ് ഗ്രൗണ്ടിനെ പച്ചത്തുരുത്താക്കി മാറ്റാൻ നഗരസഭ നടപടി തുടങ്ങി. ഇവിടെ മത്സ്യകൃഷിക്കായി കുളം ഉൾപ്പടെയുള്ളവ നിർമിക്കും. പ്രവൃത്തിയുടെ ഒന്നാംഘട്ടം വൃക്ഷത്തൈ നട്ട് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. ഒരു കാലത്ത് ദുർഗന്ധം വമിക്കുന്നതും മലിനജലം ഒഴുകിയിറങ്ങുന്നതും കാരണം ജനകീയ പ്രതിഷേധങ്ങളുടെ ഭൂമിയായിരുന്നു കരിമ്പം ട്രഞ്ചിങ് ഗ്രൗണ്ട്. എന്നാൽ നിലവിലെ ഭരണ സമിതി നാലര വർഷം കൊണ്ട് വിവിധ നടപടികളിലൂടെ എല്ലാം മാറ്റിമറിച്ചു. ഇന്ന് കരിമ്പത്തെ ട്രഞ്ചിങ് ഗ്രൗണ്ടിൽ ദുർഗന്ധമില്ല.
മാലിന്യമല്ല... ഇവിടെ ഇനി പച്ചപ്പ് നിറയും
പച്ചത്തുരുത്ത് പദ്ധതിയുടെ ഒന്നാംഘട്ടം വൃക്ഷത്തൈ നട്ട് തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു
മലിനജലം ഒഴുകി ഒലിക്കുന്ന പ്രശ്നവുമില്ല. ഓരോ ദിവസവും ഇവിടേക്ക് എത്തിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങൾ അന്നന്ന് തന്നെ മെഷീനുകളുടെ സഹായത്താല്‍ സംസ്കരിക്കും. ഇപ്പോൾ പുതിയ നടപടി എന്ന നിലയിലാണ് കരിമ്പം ട്രഞ്ചിങ് ഗ്രൗണ്ടിനെ പച്ചത്തുരുത്താക്കാൻ നഗരസഭ നടപടി തുടങ്ങിയത്. ഇതിന്‍റെ ഭാഗമായി ഒഴിഞ്ഞ ഒരു ഭാഗത്ത് പുൽത്തകിടി വെച്ചുപിടിപ്പിച്ചു. തണൽ മരങ്ങളും ഔഷധ ചെടികളും നട്ട് തുടങ്ങി. കൂടാതെ ചെരുപ്പിന്‍റെ അവശിഷ്ടങ്ങളും ടാർപോളിനും ഉപയോഗിച്ച് മത്സ്യകൃഷിക്കുള്ള കുളം നിർമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഉദ്ഘാടന ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്‌സണ്‍ വത്സലാ പ്രഭാകരൻ, സെക്രട്ടറി കെ.പി ഹസീന, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.