കണ്ണൂര്‍: ഇളംകോലം, കണ്‌ഠാകർണൻ, പുതിയഭഗവതി, പൊട്ടൻ ദൈവം, ഗുളികൻ, ഉച്ചിട്ട, ബാലി, തായ്‌പരദേവത തുടങ്ങി നിരവധി ദൈവക്കോലങ്ങൾ ഉറയുന്ന ക്ഷേത്ര മുറ്റങ്ങൾ പോലെയാണ് അഞ്ചാം പീടിക സ്വദേശി സംഗീത് രാജിന്‍റെ വീട്.
കളിയാട്ടക്കാവുകളിൽ താൻ കണ്ട തെയ്യങ്ങളുടെ മിനിയേച്ചർ രൂപങ്ങളാണ് പ്ലാസ്‌റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് സംഗീത് നിര്‍മിക്കുന്നത്. തെയ്യം കലാകാരന്മാർ പുലർത്തുന്ന സൂക്ഷ്‌മതയും ഏകാഗ്രതയും തന്‍റെ കരവിരുതിലും സംഗീത് പുലർത്തിയിട്ടുണ്ടെന്നതാണ് ഏറെ ശ്രദ്ധേയം.
പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് സംഗീത് ആദ്യമായി തെയ്യം രൂപങ്ങൾ നിർമിച്ചു തുടങ്ങിയത്. എന്നാൽ തെർമോകോൾ ഉപയോഗിച്ച് നിർമിച്ചതിനാൽ പെട്ടെന്ന് നശിച്ചു പോയി. പിന്നീടാണ് പ്ലാസ്‌റ്റർ ഓഫ് പാരിസ് ഉപയോഗിച്ച് നിർമാണം തുടങ്ങിയത്.