മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ.കെ നായനാരുടെ ജന്മദേശമായ കല്യാശ്ശേരി എന്നും ഇടതുപക്ഷത്തിന്‍റെ ഉരുക്കുകോട്ടയാണ്. പഴയ മാടായി മണ്ഡലത്തില്‍ നിന്നാരംഭിച്ച കല്യാശ്ശേരിയുടെ രാഷ്ട്രീയ ചരിത്രത്തില്‍ അധികകാലവും ഇടതു മുന്നണി സ്ഥാനാർഥികളാണ് നിയമസഭയിലെത്തിയത്.
മണ്ഡലത്തിന്‍റെ ചരിത്രം
കേരളം രൂപീകൃതമായ ശേഷം 1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മാടായി മണ്ഡലത്തില്‍ സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.പി.ആര്‍ ഗോപാലന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. കോണ്‍ഗ്രസിന്‍റെ ടി നാരായണന്‍ നമ്പ്യാര്‍ക്കെതിരെ 12000ല്‍ വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. എന്നാല്‍ 1960ല്‍ മുസ്ലിംലീഗ് പിന്തുണയോടെ കോണ്‍ഗ്രസിന്‍റെ യുവനേതാവ് പി ഗോപാലന്‍ കെ.പി.ആറിനെ അട്ടിമറിച്ചു. 1965ലെ തെരഞ്ഞെടുപ്പില്‍ കെപിആര്‍ 22,000 വോട്ടിന്‍റെ മികച്ച ഭൂരിപക്ഷം നേടി പി ഗോപാലനോട് പകരം വീട്ടി.
1967 ല്‍ എഴുത്തുകാരനും സോഷ്യലിസ്റ്റുമായ മത്തായി മാഞ്ഞൂരാന്‍ മത്സരത്തിനെത്തിയതോടെയാണ് മാടായി മണ്ഡലം മാറ്റത്തിന് സാക്ഷിയാകുന്നത്. എസ്.എസ്.പിയുടെ കെ കൃഷ്ണനെ കെ.എസ്.പിയ്ക്ക് വേണ്ടി മത്സരിച്ച മാഞ്ഞൂരാന്‍ തോല്‍പ്പിച്ചു. ജയത്തോടെ ഇംഎംഎസ് മന്ത്രിസഭയില്‍ അംഗമായ മാഞ്ഞൂരാന്‍ മന്ത്രിയായിരിക്കെ അന്തരിച്ചു. ഇതോടെ മലബാറിലെ ആദ്യ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. മാഞ്ഞൂരാന്‍റെ സഹോദരന്‍ ജോണ്‍ മാഞ്ഞൂരാന്‍ കെ.എസ്.പി സ്ഥാനാര്‍ഥിയായി. കോണ്‍ഗ്രസിന്‍റെ കെ രാഘവന് പിന്തുണയുമായി സിപിഐയും ലീഗും അണിനിരന്നു. 1970ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വെല്ലുവിളികളെ നിഷ്പ്രഭമാക്കി ജോണ്‍ മാഞ്ഞൂരാന്‍ ജയിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് എം.വി രാഘവന്‍ 7000ല്‍ അധികം വോട്ടിന് കോണ്‍ഗ്രസിന്‍റെ ശ്രീധരനെ തോല്‍പ്പിച്ചു. 1977ല്‍ അഴീക്കോടായി മാറിയ മണ്ഡലത്തില്‍ നിന്ന് ചടയന്‍ ഗോവിന്ദന്‍ നിയമസഭയിലെത്തി.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
2008ല്‍ അഴീക്കോട്, തളിപ്പറമ്പ്, പയ്യന്നൂര്‍ നിയമസഭ മണ്ഡലങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കല്യാശ്ശേരി മണ്ഡലം രൂപീകൃതമായി. ചെറുകുന്ന്, ഏഴോം, കടന്നപ്പള്ളി- പാണപ്പുഴ, കല്യാശ്ശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂല്‍, പട്ടുവം ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് കല്യാശ്ശേരി നിയമസഭ മണ്ഡലം. ആകെ 1,75,588 വോട്ടര്‍മാരില്‍ 96,326 പേരും സ്ത്രീകളാണ്. 79,273 പുരുഷന്മാര്‍ക്കും ഇത്തവണ സമ്മതിദാന അവകാശമുണ്ട്.
രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രം അവകാശപ്പെടാനുള്ള കല്യാശ്ശേരി സിപിഎമ്മിനെ മാത്രമാണ് തുണച്ചിട്ടുള്ളത്. 2011ലും 2016ലും യുവനേതാവ് ടിവി രാജേഷ് മികച്ച ജയം നേടി നിയമസഭയിലെത്തി. കോണ്‍ഗ്രസിനും ബിജെപിക്കും രണ്ട് തവണയും കാര്യമായ നേട്ടം കൊയ്യാനായില്ല എന്നതും മണ്ഡലത്തിലെ ഇടത് സ്വാധീനം വ്യക്തമാക്കുന്നു.
നിയമസഭ തെരഞ്ഞെടുപ്പ് 2011