കണ്ണൂർ :കോൺഗ്രസിലെ പ്രശ്‌നപരിഹാരത്തിനുള്ള ഫോർമുല കൈയ്യിലുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ. കണ്ണൂർ ജില്ല കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓൺലൈനായി പങ്കെടുത്തിട്ടുണ്ടെന്നും ആവശ്യമില്ലാത്ത കെട്ടുകഥകളും വ്യാഖ്യാനങ്ങളും നൽകരുതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നതുകൊണ്ടാണ് അവർക്ക് സംസാരിക്കാൻ കഴിയാതിരുന്നത്. അതിനുശേഷം ഇരുവരും ചില തിരക്കിലായതുകാരണമാണ് അഭിസംബോധന ചെയ്യാതിരുന്നത്. കെ.മുരളീധരനും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്ന് സുധാകരൻ പറഞ്ഞു.
കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കും; പ്രശ്‌നപരിഹാരത്തിനുള്ള ഫോർമുല കൈയ്യിലുണ്ടെന്ന് കെ.സുധാകരൻ ചരിത്രത്തിലില്ലാത്ത വിധം കെട്ടുറപ്പോടെയാണ് കോൺഗ്രസ് മുന്നോട്ടുപോകുന്നത്. ഇതിൽ ആർക്കും ഒരു ആശങ്കയുമില്ല. പാർട്ടിയിൽ അഥവാ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഉമ്മൻചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ചർച്ച നടത്തുമെന്നും സുധാകരൻ പറഞ്ഞു.
ALSO READ:'എനിക്ക് ഗ്രൂപ്പില്ല' ; തന്‍റെ ഗ്രൂപ്പ് കോണ്‍ഗ്രസെന്ന് കെ.സി വേണുഗോപാൽ
ഹൈക്കമാൻഡിന്‍റെ പൂർണ പിന്തുണയോടെ പ്രശ്നങ്ങൾ പരിഹരിക്കും. പുതിയൊരു തുടക്കത്തിലാണ് പാര്‍ട്ടി പോകുന്നതെന്നും അടിമുടി മാറ്റമാണ് വരാൻ പോകുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.