39 വര്‍ഷമായി കെ.സി ജോസഫെന്ന കോണ്‍ഗ്രസുകാരൻ മാത്രമാണ് ഇരിക്കൂറില്‍ നിന്ന് നിയമസഭയിലേക്ക് പോകുന്നത്. പ്രമുഖർ പലരും വന്നു. പക്ഷേ കെസി ജോസഫിനെ തോല്‍പ്പിക്കാൻ ആർക്കുമായിട്ടില്ല. നിലവിലെ നിയമസഭാംഗങ്ങളില്‍ ഉമ്മന്‍ചാണ്ടിക്ക് ശേഷം ഏറ്റവുമധികം തവണ ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാവാണ് കെസി ജോസഫ്. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നായാണ് ഇരിക്കൂറിനെ കണക്കാക്കുന്നത്. 1982 മുതല്‍ പ്രതിനിധീകരിച്ച മണ്ഡലത്തില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ചങ്ങനാശേരിക്കാരന്‍ കെസി ജോസഫ് വ്യക്തമാക്കിയതോടെ കണ്ണൂർ ജില്ലയുെട മലയോര മണ്ണായ ഇരിക്കൂര്‍ ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു.
മണ്ഡലത്തിന്‍റെ ചരിത്രം
കോൺഗ്രസിന്‍റെ ശക്തികേന്ദ്രം എന്ന് പറയുമ്പോൾ മണ്ഡലത്തിന്‍റെ ചരിത്രം പരിശോധിച്ചാല്‍ ഇരിക്കൂറിന് ഇടതുപക്ഷ മനസായിരുന്നു. 1957ലെ ആദ്യ തെരഞ്ഞെടുപ്പ് ജയിച്ച് സിപിഐയുടെ ടി.സി നാരായണന്‍ നമ്പ്യാര്‍ ഇരിക്കൂറില്‍ നിന്ന് ആദ്യം നിയമസഭയിലെത്തി. 1960ലെ രണ്ടാമങ്കത്തിലും ജയം ആവര്‍ത്തിച്ചു. 1967ല്‍ സിപിഎമ്മിന്‍റെ ഇ.പി കൃഷ്ണന്‍ നമ്പ്യാരും 1970ല്‍ എ. കുഞ്ഞിക്കണ്ണനും ഇടത് പ്രതിനിധികളായി നിയമസഭയിലെത്തി. കുഞ്ഞിക്കണ്ണന്‍റെ മരണത്തോടെ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ ഇകെ നായനാര്‍ ആദ്യമായി നിയമസഭയിലെത്തി. ആര്‍.എസ്.പിയിലെ അബ്ദുല്‍ ഖാദറിനെതിരെ 1,822 വോട്ടിനായിരുന്നു നായനാരുടെ ജയം. എ.കെ.ജിയും ടി.വി തോമസും ഇഎംസും ഉള്‍പ്പെടെ അണിനിരന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പടനയിച്ചത് ജില്ലാ സെക്രട്ടറി എം.വി രാഘവനായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ നായനാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവില്‍ പോയി.
തുടര്‍ന്ന് 1977ലെ തെരഞ്ഞടുപ്പില്‍ സി.പി ഗോവിന്ദന്‍ നമ്പ്യാരിലൂടെ കോണ്‍ഗ്രസ് ആദ്യ ജയം കണ്ടു. 1980ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസിന്‍റെ കടന്നപ്പള്ളി രാമചന്ദ്രനിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീട് 1982 മുതല്‍ 2016 വരെ കെസി ജോസഫിന്‍റെ തുടര്‍ജയങ്ങള്‍. ജനതാ പാര്‍ട്ടിയുടെ എസ്.കെ മാധവനെ തോല്‍പ്പിച്ച് തുടങ്ങിയ ജൈത്രയാത്രയെ തടുക്കാന്‍ ജെയിംസ് മാത്യു, ജോര്‍ജ് സെബാസ്റ്റ്യന്‍, എജെ ജോസഫ്, പ്രോഫ മേഴ്സി ജോണ്‍ എന്നിവരെ 2001 വരെ ഇടതുപക്ഷം കളത്തിലിറക്കി. തുടര്‍പരാജയങ്ങള്‍ നേരിട്ട എല്‍ഡിഎഫ് മണ്ഡലം തിരിച്ച് പിടിക്കുമെന്ന പ്രതീക്ഷിച്ച 2006 ലെ തെരഞ്ഞെടുപ്പിലും മലയോര മണ്ണ് കോണ്‍ഗ്രസിനൊപ്പം നിലകൊണ്ടു.
മണ്ഡലത്തിന്‍റെ രാഷ്ട്രീയം
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠാപുരം നഗരസഭയും ചെങ്ങളായി, ഇരിക്കൂര്‍, ആലക്കോട്, ഉദയഗിരി, നടുവില്‍, ഏരുവേശ്ശി, പയ്യാവൂര്‍, ഉളിക്കല്‍ പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് ഇരിക്കൂര്‍ മണ്ഡലം. 18,8742 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 95,364 പേരും സ്ത്രീകളാണ്. 93,377 പുരുഷന്മാര്‍ക്കും വോട്ടവകാശമുണ്ട്.
1976 ല്‍ നടന്ന മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് ഇരിക്കൂര്‍ യുഡിഎഫിന്‍റെ കുത്തകയായത്. 1982 മുതല്‍ തുടങ്ങിയ കെസി ജോസഫിന്‍റെ തേരോട്ടം അവസാനിപ്പിക്കാന്‍ ജെയിംസ് മാത്യു ഉള്‍പ്പെടെയുള്ള നേതാക്കളെ ഇടതുപക്ഷം കളത്തിലിറക്കിയെങ്കിലും പരാജയമായിരുന്നു ഫലം.