കണ്ണൂർ:സ്വാതന്ത്ര്യ സമരത്തിന്‍റെയും ഉപ്പ് സത്യഗ്രഹത്തിന്‍റെയും ഓർമകൾ പേറുന്ന മണ്ണാണ് പയ്യന്നൂർ. സ്വാതന്ത്ര്യ സമരം ആളിക്കത്തുമ്പോള്‍ പയ്യന്നൂരിനടുത്തുള്ള പല നാട്ടുഗ്രാമങ്ങളിൽ നിന്നും നൂറുകണക്കിനാളുകളാണ് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാനായി പയ്യന്നൂരില്‍ എത്തിയത്. ബ്രിട്ടീഷുകാരുടെ കൈയില്‍ അകപ്പെടുന്ന ഇവരില്‍ പലരുടെയും ജീവിതം പിന്നീട് തടവറയുടെ ഇരുട്ടിലായിരിക്കും.
സ്വാതന്ത്ര്യ സമര ചരിത്ര സ്‌മാരകമായി കണ്ടോന്താർ ജയില്‍ പയ്യന്നൂരിനടുത്തുള്ള കണ്ടോന്താർ എന്ന ഗ്രാമത്തില്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ധീര സ്‌മരണയുണർത്തുന്ന അവശേഷിപ്പുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനായി പോരാടിയതിന് ബ്രിട്ടീഷുകാരുടെ ക്രൂര മര്‍ദനങ്ങള്‍ക്കിരയായി ഒരുപാട് സ്വാതന്ത്ര്യ സമരസേനാനികള്‍ വെളിച്ചം കാണാതെ കഴിഞ്ഞ ബ്രിട്ടീഷ് തടവറയായ 'കണ്ടോന്താർ ജയിൽ' അത്തരത്തിലൊന്നാണ്. കണ്ടോന്താർ ഇടമന യുപി സ്‌കൂളിനും ഇന്നത്തെ രജിസ്ട്രാർ ഓഫിസിനും സമീപമാണ് 'കണ്ടോന്താർ ജയിൽ.
നൂറുവർഷം മുമ്പാണ് ബ്രിട്ടീഷുകാര്‍ ഇവിടെ 'കണ്ടോന്താർ ജയിൽ' എന്ന പേരില്‍ തടങ്കൽപ്പാളയം നിർമിച്ചത്. റോഡ് വാഹന സൗകര്യം കുറവായിരുന്ന അക്കാലത്ത് ഉൾനാടൻ പ്രദേശങ്ങളിലെ സ്വാതന്ത്രസമര തടവുകാരെ പയ്യന്നൂരിൽ എത്തിക്കാൻ പ്രയാസമായിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് ബ്രിട്ടീഷ് സർക്കാർ കടന്നപ്പള്ളി കണ്ടോന്താറിൽ ജയിൽ നിർമിക്കുന്നത്.
പയ്യന്നൂരിൽ നിന്ന് പെരുമ്പ, വണ്ണാത്തിപ്പുഴ എന്നിവിടങ്ങളിലൂടെ തോണി യാത്ര ചെയ്‌താണ് മജിസ്ട്രേറ്റ് ഇവിടെയെത്തി ശിക്ഷ വിധിച്ചിരുന്നത്. പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഈ ജയിൽ. കല്ലുകെട്ടി ഓടുമേഞ്ഞ് ഇരു മുറികളിലായാണ് ജയിലുള്ളത്. ബ്രിട്ടീഷുകാർ പണിത ഇരുമ്പ് ജനാലകളും വാതിലുകളും നൂറ്റാണ്ട് കഴിഞ്ഞിട്ടും അനക്കം തട്ടാതെ ഇപ്പോഴുമുണ്ട്.
സ്വാതന്ത്ര്യ സമരസേനാനികളെ തടവിൽ പാർപ്പിക്കാൻ നിർമിച്ച ജയിൽ പുരാവസ്‌തു വകുപ്പ് ഇപ്പോൾ ചരിത്ര സ്‌മാരകമാക്കി സംരക്ഷിക്കുകയാണ്. കാലപ്പഴക്കത്തിൽ നാശോന്മുഖമായ ജയിൽ 2018ലാണ് അന്നത്തെ പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നാടിന് സമർപ്പിച്ചത്. ചരിത്രത്തില്‍ രേഖപ്പെടുത്താത്ത ഒരുപാട് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ കഥകളുമായി 'കണ്ടോന്താർ ജയില്‍' ഇന്നും നിലനില്‍ക്കുന്നു.