കണ്ണൂര്‍:തളിപ്പറമ്പ് പട്ടുവം കൂത്താട്ട് കുന്ന് കടുത്ത അപകട സാധ്യതയുള്ള പ്രദേശമാണെന്ന് ഭൗമശാസ്ത്ര വിദഗ്ധൻ. കുന്നിന് താഴെ ജനങ്ങൾക്ക് താമസിക്കാൻ പറ്റാത്ത സ്ഥലമാണെന്നും ഭൗമശാസ്ത്രജ്ഞന്‍ ജഗദീഷ് അഭിപ്രായപ്പെട്ടു. പ്രദേശത്ത് മഴ മാറിയ ശേഷം കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ടി.വി രാജേഷ് എം.എൽ.എയും വ്യക്തമാക്കി. കഴിഞ്ഞ ദിവസം കുന്നിടിച്ചിൽ ഉണ്ടായ പ്രദേശം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇരുവരും.
പട്ടുവം കൂത്താട്ട് കുന്നിന് മുകളില്‍ വിള്ളല്‍; ജനങ്ങളെ ഒഴിപ്പിക്കണമെന്ന് വിദഗ്‌ധ നിര്‍ദേശം - ടി വി രാജേഷ് എംഎൽഎ
ശക്തമായ മഴയിൽ വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഭൗമശാസ്ത്രജ്ഞന്‍ ജഗദീഷ് പറഞ്ഞു. മഴ മാറിയ ശേഷം ശാസ്ത്രീയ പരിശോധന നടത്തുമെന്ന് ടി.വി രാജേഷ് എം.എൽ.എ വ്യക്തമാക്കി.
പട്ടുവം കൂത്താട്ടെ കുന്നിന്‍റെ മുകൾഭാഗത്ത് വിള്ളലുണ്ടെന്നാണ് ഭൗമശാസ്ത്ര വിഭാഗത്തിന്‍റെ കണ്ടെത്തൽ. താഴെ ഭാഗത്ത് കാട്ടുകല്ലും കളിമണ്ണും കൂടി കലർന്ന ഒരു ഭൂപ്രദേശമാണിത്. ഇതിന് ചെരിവും കൂടുതലാണ്. കാട്ടുകല്ലിനും ചെങ്കലിനും ഇടയിലുള്ള മണ്ണും അടിത്തറയും വർഷങ്ങളായി വെള്ളം വന്ന് ഒലിച്ചുപോയി. അതു കൊണ്ട് തന്നെ ഇതിന്‍റെ മുകളിലും വിളളൽ കാണുന്നതിനാൽ മുകളിൽ നിന്നും താഴോട്ട് തള്ളൽ പ്രതീക്ഷിക്കേണ്ടി വരും. ശക്തമായ മഴയിൽ വൻ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ കുന്നിന് താഴെയുള്ള വീടുകളിൽ യാതൊരു കാരണവശാലും ആളുകൾ താമസിക്കരുതെന്നും ഭൗമശാസ്ത്രജ്ഞന്‍ വ്യക്തമാക്കി.
കുന്നിൽ വിള്ളൽ ഉണ്ടായി മണ്ണിടിഞ്ഞത് ജില്ല ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപെടുത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ടി.വി രാജേഷ് എം.എൽ.എ വ്യക്തമാക്കി. അപകട സാധ്യത കണക്കിലെടുത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ എല്ലാവരെയും മാറ്റി താമസിപ്പിക്കാൻ ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. കുന്നിൽ വിള്ളൽ ഉണ്ടായതും മണ്ണിടിച്ചിലും സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രിയ പരിശോധന ആവശ്യമാണ്. മഴ മാറിയാല്‍ പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.