കണ്ണൂർ: മരണത്തെ മുഖാമുഖം കണ്ടിടത്ത് നിന്നും മനോധൈര്യം കൊണ്ട് ജീവിതത്തിലേക്ക് കരകയറിയ കഥയാണ് കണ്ണൂർ പള്ളിക്കുന്നിലെ സുകുമാരന്‍റേത്. കൂലിപ്പണിയെടുത്ത് ജീവിതം പച്ചപിടിച്ച് വരുമ്പോൾ പറ്റിയ വീഴ്ച്ച എല്ലാ സ്വപ്നങ്ങളും തകിടം മറിച്ചപ്പോൾ വീൽചെയറിലിരുന്ന് കുട നിർമിച്ച് ജീവിതം തിരിച്ച് പിടിക്കുകയാണ് ഈ അൻപത്തിരണ്ടുകാരൻ. ഏഴ് വർഷം മുമ്പാണ് സുകുമാരന്‍റെ ജീവിതത്തിലെ ദുരന്തം സംഭവിക്കുന്നത്. സ്വന്തം വീട് പുതുക്കി പണിയുമ്പോൾ ടെറസിൽ നിന്ന് വീണ് നട്ടെല്ല് തകർന്നു. അരക്ക് താഴോട്ട് ചലന ശേഷി നഷ്ടപ്പെട്ടതോടെ കിടപ്പിലായി. ചികിത്സക്ക് പണം തികയാതെ വന്നപ്പോൾ തന്‍റെ സ്വപ്നമായ കിടപ്പാടം വിറ്റു. ഭാര്യക്കൊപ്പം പള്ളിക്കുന്നിലെ വാടക വീട്ടിലേക്ക് താമസം മാറ്റിയ സുകുമാരൻ ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചിരുന്നു.
അതിജീവനത്തിന്‍റെ കുട നിവര്‍ത്തി സുകുമാരന്‍ - sukumaran
ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ടിയുള്ള കുട നിർമ്മാണ ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് സുകുമാരന് വഴിത്തിരിവാകുകയായിരുന്നു.
ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിധിയെ പഴിചാരിയപ്പോൾ ദൈവദൂതനെപ്പോലെ എത്തിയ ഒരു വ്യക്തിയാണ് സുകുമാരന് മനോധൈര്യം നൽകിയത്. കോയമ്പത്തൂരിലും കണ്ണൂരിലുമായി തുടർ ചികിത്സ നടത്തിയ സുകുമാരൻ വീൽചെയറിൽ ഇരിക്കാൻ പാകത്തിൽ ആരോഗ്യം വീണ്ടെടുത്തു. ആദ്യം മെഴുകുതിരി നിർമ്മാണം തുടങ്ങിയെങ്കിലും അത് പാതിവഴിയിൽ നിലച്ചു. തുടർന്ന് കടലാസ് പേനയും പേപ്പർ ബാഗും ഹാൻഡ് വാഷും വാഷിംഗ് പൗഡറുമെല്ലാം നിർമിച്ചെങ്കിലും ആവശ്യക്കാർ കുറഞ്ഞതോടെ അവിടെയും ജീവിതം പച്ചപിടിച്ചില്ല. അതിനിടെ ഭിന്നശേഷിക്കാരായ ആളുകൾക്ക് വേണ്ടിയുള്ള കുട നിർമ്മാണ ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞത് വഴിത്തിരിവാകുകയായിരുന്നു.
എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചിന്‍റെ "കൈവല്യ" പദ്ധതിയിൽ നിന്ന് 25,000 രൂപ ധനസഹായമായി ലഭിച്ചതോടെ വീട്ടിൽ ഒരു കുട നിർമാണ യൂണിറ്റ് തന്നെ സുകുമാരൻ ആരംഭിച്ചു. കുട്ടിക്കുട മുതൽ ടു, ത്രീ, ഫൈവ് ഫോൾഡ് കുടകളും വളഞ്ഞ കാലുള്ള വലിയ കുടകളും സുകുമാരൻ നിർമിക്കുന്നുണ്ട്. സഹായത്തിന് ഭാര്യ സപ്നയും കൂടി ചേരുമ്പോൾ 20 കുടകൾ വരെ ഒരു ദിവസം നിർമിക്കും. വിപണി വിലയേക്കാൻ കുറഞ്ഞ തുകക്ക് വിറ്റഴിക്കുന്ന കുടകൾക്ക് അംബ്രല്ല വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രധാനമായും ഓർഡർ വരുന്നത്. മരണത്തെ കുറിച്ച് ചിന്തിച്ച സുകുമാരൻ കുടകളുടെ തണലിൽ ജീവിതം തുടരുകയാണ്. 2018ലെ പട്ടയ മേളയിൽ സർക്കാർ അനുവദിച്ച സ്ഥലം സ്വന്തമായി എന്നെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ.