കണ്ണൂര്‍: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തളിപ്പറമ്പ് നഗരസഭാ ഓഫീസിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടമായി എത്തി. നാട്ടിലേക്ക് മടങ്ങുന്നതിന്‍റെ രജിസ്ട്രേഷനായാണ് ഇവര്‍ ഓഫീസിലേക്ക് ഇരച്ചുകയറിയത്. തിരക്ക് വര്‍ധിച്ചതോടെ സാമൂഹിക അകലം പാലിക്കപ്പെടാത്ത സ്ഥിതിയായി. ഇതോടെ വരും ദിവസങ്ങളിലെങ്കിലും പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
തളിപ്പറമ്പില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് അതിഥി തൊഴിലാളികള്‍ - അതിഥി തൊഴിലാളി കണ്ണൂര്‍
തൊഴിലാളികളുടെ തിരക്ക് അനിയന്ത്രിതമായതോടെ വരും ദിവസങ്ങളിലെങ്കിലും പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ശക്തമായി.
മിക്ക ദിവസങ്ങളിലും ഇവിടെ അതിഥി തൊഴിലാളികൾക്കായി രജിസ്ട്രേഷൻ നടക്കാറുണ്ട്. സാമൂഹിക അകലം പാലിച്ച് നിർത്താൻ ഉദ്യോഗസ്ഥർ കല്ലുകൾ ഉപയോഗിച്ച് പ്രത്യേകം അടയാളങ്ങളും വയ്ക്കാറുണ്ട്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ തൊഴിലാളികള്‍ കൂട്ടത്തോടെ ഓഫീസിലെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോവുകയായിരുന്നു.
രജിസ്ട്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥർ പല തവണ ആവശ്യപ്പെട്ടിട്ടും നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് വരും ദിവസങ്ങളിൽ രജിസ്ട്രേഷൻ നടക്കുമ്പോൾ നഗരസഭക്ക് മുന്നിൽ പൊലീസിനെ വിന്യസിക്കണമെന്ന ആവശ്യം ഉയരുന്നത്.