കണ്ണൂര്‍: അഞ്ചുവർഷം മുമ്പ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിനെ കണ്ടെത്താൻ പൊതുസമൂഹത്തിന്‍റെ സഹായം തേടി യുവതിയും കുടുംബവും. നീലേശ്വരം പാലായി സ്വദേശിനി എം. പ്രിയയാണ് ഭർത്താവ് രാമന്തളി മൊട്ടക്കുന്നിലെ ടി.പി പുരുഷോത്തമന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. പയ്യന്നൂർ പൊലീസിലും കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും അടക്കം ഈ കുടുംബം പരാതി നൽകിയിട്ടുണ്ടെങ്കിലും യാതൊരുവിധ പുനരന്വേഷണവും നടന്നിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
ഭര്‍ത്താവിനെ കണ്ടെത്താൻ സമൂഹത്തിന്‍റെ സഹായം തേടി യുവതി - കാണ്‍മാനില്ല
2015 ജൂൺ ഒന്നിന് വീട്ടില്‍ നിന്ന് പോയ രാമന്തളി മൊട്ടക്കുന്നിലെ ടി.പി പുരുഷോത്തമന്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. പൊലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നും ആരോപണമുണ്ട്.
2011 ഡിസംബർ 18നാണ് പ്രിയയും പുരുഷോത്തമനും തമ്മിൽ വിവാഹിതരാവുന്നത്. അതിന് ശേഷം ഭർത്താവിന്‍റെ രാമന്തളി മൊട്ടക്കുന്നിലെ വീട്ടിലായിരുന്നു താമസം. ഈ ബന്ധത്തിൽ 8 വയസുള്ള മകളും ഉണ്ട്. അതിനിടെയാണ് ഭർത്താവ് പുരുഷോത്തമൻ 2015 ജൂൺ ഒന്നിന് വയനാട്ടിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. രണ്ടിന് എറണാകുളത്തേക്ക് പോകുന്നുവെന്നറിയിച്ച് വിളിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു വിവരമുണ്ടായില്ല. തുടർന്ന് ജൂൺ എട്ടിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം പോലും നടത്തിയില്ല. ഈ സാഹചര്യത്തിൽ ഭർത്താവിനെ കണ്ടെത്താൻ സർക്കാരിന്‍റെയും പൊതുസമൂഹത്തിന്‍റെയും സഹായം വേണമെന്നും പ്രിയ തളിപ്പറമ്പിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2018 ഡിസംബറിൽ ഒരു ദിനപത്രത്തിന്‍റെ ഒന്നാം പേജിൽ ശബരിമല സന്നിധാനത്തെ തിരക്കിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതിൽ പുരുഷോത്തമനെ കണ്ടതായി ചിത്രം സഹിതം ജില്ലാ പൊലീസ് മേധാവിക്ക് ഇവർ പരാതി നൽകിയിരുന്നു. തുടർന്ന് പയ്യന്നൂർ പൊലീസിനെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയിരുന്നതായും പിന്നീട് ഇതുവരെ ആയിട്ട് ഒരു അന്വേഷണവും പൊലീസിൽ നിന്നും ഉണ്ടായിട്ടില്ലെന്നുമാണ് കുടുംബം പറയുന്നത്.