കണ്ണൂര്‍: കണ്ണൂര്‍ ജില്ല പഞ്ചായത്തിന് കീഴിലുളള ബാര്‍ബര്‍ ബംഗ്ലാവ് കൊവിഡ് ഡ്യൂട്ടിയിലുളള ഡോക്‌ടര്‍മാര്‍ക്ക് താമസത്തിന് നല്‍കിയത് വിവാദമായി. ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള പ്രമുഖര്‍ താമസിച്ച നൂറ്റാണ്ടിലേറെ പഴക്കമുളള ബംഗ്ലാവ് ഡോക്‌ടര്‍മാര്‍ക്ക് താമസത്തിന് നല്‍കിയത് ജില്ല പഞ്ചായത്തിനെ അറിയിക്കാതെയെന്നാണ് ആരോപണം.
ബാര്‍ബര്‍ ബംഗ്ലാവിലെ താമസക്കാരെ ഒഴിപ്പിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ. ഫാം ടൂറിസം സാധ്യത കൂടി കണക്കിലെടുത്ത് അതിഥി മന്ദിരം നവംബര്‍ അവസാനത്തോടെ ഉദ്ഘാടനം ചെയ്യുന്നതിനെ കുറിച്ച് ജില്ല പഞ്ചായത്ത് ആലോചിച്ചിരുന്നു. ഇത് പരിശോധിക്കുന്നതിനായി ബുധനാഴ്‌ച ബംഗ്ലാവ് സന്ദര്‍ശിച്ച ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയോട് നാട്ടുകാർ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഫാം സൂപ്രണ്ടിനോട് പ്രസിഡന്‍റ് വിശദീകരണം തേടി.
ഡോക്‌ടര്‍മാര്‍ക്ക് താമസത്തിനായി ബാര്‍ബര്‍ ബംഗ്ലാവ് നല്‍കി; അനുമതി തേടിയില്ലെന്ന് ജില്ല പഞ്ചായത്ത് പ്രമുഖര്‍ താമസിച്ച ബംഗ്ലാവ്
സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു മകള്‍ ഇന്ദിരാഗാന്ധിക്കൊപ്പം താമസിച്ച സ്ഥലമെന്ന നിലയില്‍ ചരിത്ര പ്രാധാന്യമുള്ളതാണ് ഈ കെട്ടിടം. മുന്‍ രാഷ്ട്രപതി വി.വി ഗിരി, മുഖ്യമന്ത്രിമാരായിരുന്ന ഇഎംഎസ്, ഇ.കെ നായനാര്‍, കെ കരുണാകരന്‍, മുന്‍മന്ത്രി കെ.ആര്‍ ഗൗരിയമ്മ തുടങ്ങിയവരും സന്ദര്‍ശന വേളയില്‍ ബംഗ്ലാവ് ഉപയോഗിച്ചിരുന്നു.
ലക്ഷങ്ങള്‍ ചെലവഴിച്ച് പഞ്ചനക്ഷത്ര സമാനമായ രീതിയിലാണ് ബംഗ്ലാവ് നവീകരിച്ചത്. ചരിത്ര പ്രാധാന്യം ഉള്‍ക്കൊണ്ട് ഇതിന്‍റെ നടത്തിപ്പിനായി പ്രത്യേക നിയമാവലി തന്നെയുണ്ടാക്കിയ ശേഷം താമസ സൗകര്യമൊരുക്കുവാനാണ് ലക്ഷ്യമിടുന്നത്. ഇതിനിടയിലാണ് പുതിയ വിവാദം ഉടലെടുത്തത്.
Also read: ബ്രിട്ടീഷ് ഭരണകാലത്തിന്‍റെ ചരിത്രം പറയുന്ന തളിപ്പറമ്പ് താലൂക്ക് ഓഫീസ് കെട്ടിടം ഇനി മ്യൂസിയം