കണ്ണൂർ: തലശ്ശേരിയിൽ ലോട്ടറി വിൽപനക്കാരന്‍റെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കൊടക്കളം സ്വദേശികളായ നിധിൻ ബാബു (27), കാവുംഭാഗം കോമത്ത് പാറയിലെ നൂർ മഹലിൽ സി.എ അസമിൽ (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇരുവരും ചേർന്ന് മർദിച്ചതിനെ തുടർന്നുണ്ടായ പരിക്കിലാണ് 60കാരനായ വടക്കുമ്പാട് സ്വദേശി ബാലാജി എന്ന ബാലചന്ദ്രൻ മരിച്ചതെന്നാണ് കണ്ടെത്തൽ. തലശ്ശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ബാലാജിയുടെ ആന്തരിക അവയവങ്ങൾക്ക് ക്ഷതമേറ്റതായി സൂചനയുണ്ടായിരുന്നു.
തുടർന്ന് വിശദമായ പരിശോധനക്കായി സാമ്പിൾ കോഴിക്കോട് ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. ഒരാഴ്‌ചക്ക് ശേഷം പരിശോധന ഫലം വരാനിരിക്കെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.