കണ്ണൂർ : കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുമായി ടി.പി വധക്കേസ് പ്രതികളുടെ വീട്ടില്‍ തെളിവെടുപ്പിനെത്തി കസ്റ്റംസ്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നിന്നും ലാപ്‌ടോപ്പും ചില രേഖകളും പൊലീസ് യൂണിഫോമിലെ സ്റ്റാറും കസ്റ്റംസ് കണ്ടെടുത്തു. പൂട്ടിക്കിടക്കുന്നതിനാൽ കൊടിസുനിയുടെ വീട്ടിൽ തെരച്ചില്‍ നടത്താനായില്ല.
കരിപ്പൂർ കള്ളക്കടത്തിൽ ടിപി കേസ് പ്രതികൾക്ക് ബന്ധമുണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽനിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട രേഖകൾ സംഘത്തിന് കിട്ടി. ഇവിടെ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പ് വിശദ പരിശോധനയ്ക്ക് വിധേയമാക്കും.
Read more:ഫോൺ പുഴയിൽ ഉപേക്ഷിച്ചതായി അർജുൻ; വിശ്വസിക്കാതെ കസ്റ്റംസ്
ഈ മാസം ഏഴാം തിയ്യതി ഹാജരാകാൻ ഷാഫിക്ക് കസ്റ്റംസ് നോട്ടിസ് നൽകിയിട്ടുണ്ട്. അന്വേഷണസംഘം വരുന്നത് മുൻകൂട്ടി മനസ്സിലാക്കിയ കൊടി സുനിയുടെ ഭാര്യ, വീട് പൂട്ടി സ്ഥലം വിട്ടു. ഏറെനേരം കാത്തുനിന്ന ശേഷം കസ്റ്റംസ് സംഘം ഇവിടെ നിന്ന് മടങ്ങി.