കണ്ണൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പദ്ധതി കമ്മിഷൻ ചെയ്തതോടെ കാലം വീണ്ടും കഥകളെ കൂട്ടിവായിക്കുകയാണ്. തുടക്കത്തിൽ സിപിഎം പ്രക്ഷോഭം നടത്തി എതിർത്ത ഒരു പദ്ധതി കൂടി കേരളത്തിൽ യാഥാർഥ്യമായിരിക്കുന്നു. അതും സംസ്ഥാന സർക്കാരിന്‍റെ സ്വന്തം പദ്ധതി എന്ന നിലയിൽ. പാചക വാതക പെപ്പ് ലൈൻ പദ്ധതിക്കെതിരെ 2012ൽ കൊച്ചിയിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് ജില്ലകളിലും ആളിക്കത്തി. ജനങ്ങൾക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചു.
പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച സിപിഎം അന്ന് പറഞ്ഞത് 'വാതക ബോംബിന് മുകളിൽ ജീവിക്കാൻ ഞങ്ങൾക്കാവില്ല എന്നായിരുന്നു'. രാജ്യസഭ എംപിയായിരിക്കെ പി.രാജീവാണ് കൊച്ചിയിൽ സമരത്തിന് തീ കൊളുത്തിയത്. എന്നാൽ 2016ലെ തെരഞ്ഞെടുപ്പ് മുന്നോടിയായി സിപിഎം അടവ് മാറ്റി. ഇത് പാർട്ടി പദ്ധതിയാക്കി മാറ്റി. ഭരണത്തിൽ വന്നതോടെ ബലം പ്രയോഗിച്ച് ഇടത് സർക്കാർ കൊച്ചിയിൽ നിന്ന് കാസർകോട് വരെ പൈപ്പ് വലിച്ചു. ദുരിതമനുഭവിക്കുന്നവരുടെ ശബ്ദം കേൾക്കാൻ പോലും പഴയ സമരക്കാർ കൂട്ടാക്കിയില്ല. അന്ന് സമരത്തിന്‍റെ ഭാഗമായിരുന്ന ലോക്കൽ കമ്മറ്റി അംഗവും എൻജിഒ നേതാവുമായ പി.പി മോഹനൻ അന്നും ഇന്നും ഉണ്ടായ മാറ്റങ്ങൾ ഓർക്കുകയാണ്.