കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിയേരിയില്‍ കൂട്ടുകൃഷിയില്‍ വിജയഗാഥ തീര്‍ത്ത് മൂവര്‍ സംഘം. കൂലിപ്പണി, ഇലക്ട്രിക്കല്‍, കച്ചവടം എന്നീ മേഖലയില്‍ ജോലി ചെയ്യുന്ന യുവാക്കളായ ഇ.സി പ്രസാദ്, എം.സുരേശന്‍, പി.പ്രകാശന്‍ എന്നിവര്‍ തങ്ങളുടെ ജോലിയുടെ ഇടവേളകളിലാണ് കൃഷി ചെയ്യുന്നത്. പത്തുവര്‍ഷത്തോളമായി ഇവര്‍ വ്യത്യസ്ത കൃഷികളിൽ നൂറുമേനി വിളവുനേടിക്കഴിഞ്ഞു.
കൂട്ടുകൃഷിയില്‍ വിജയം കൊയ്ത് മൂവര്‍ സംഘം - taliparamba
ഒരു ഏക്കര്‍ സ്ഥലത്ത് പച്ചക്കറിയും രണ്ടേക്കര്‍ സ്ഥലത്ത് ധാന്യങ്ങളുമാണ് കൃഷിചെയ്യുന്നത്
ഓരേക്കര്‍ സ്ഥലത്ത് തക്കാളി, വെണ്ട, വഴുതിന, പച്ചമുളക്, കുമ്പളം, താലോലി, വെള്ളരി തുടങ്ങിയവയും ഇതിന് പുറമേ രണ്ടേക്കറോളം സ്ഥലത്ത് നെല്ല്, ഉഴുന്ന്, പൈനാപ്പിള്‍ എന്നിവയും മികച്ച രീതിയില്‍ കൃഷിചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇവര്‍ പത്ത് ടണ്‍ നെല്ലാണ് സിവില്‍ സപ്ലൈസിന് വിറ്റത്. സ്ഥലം പാട്ടത്തിനെടുത്താണ് ഇവര്‍ കൃഷി ചെയ്യുന്നത്. അര കിലോമീറ്റര്‍ ദൂരെ നിന്നും പൈപ്പ് വഴി വെളളമെത്തിച്ചാണ് കൃഷി. ഇത്തവണത്തെ വിളവെടുപ്പ് ഉത്സവം പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.രാജേഷ് ഉദ്ഘാടനം ചെയ്തു. വിളവെടുത്ത പത്തിന പച്ചക്കറികള്‍ തുണി സഞ്ചിയിലാക്കി നൂറ് രൂപ നിരക്കില്‍ ആവശ്യക്കാര്‍ക്ക് വീടുകളില്‍ എത്തിച്ച് നല്‍കാനാണ് യുവാക്കളുടെ തീരുമാനം. പത്ത് വര്‍ഷമായി കാര്‍ഷിക രംഗത്തുണ്ടെങ്കിലും ഇത്തവണ പരിയാരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാന്‍സര്‍ നിയന്ത്രിത ഗ്രാമം പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറി കൃഷി ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സംതൃപ്തിയുണ്ടെന്ന് ഇവര്‍ പറഞ്ഞു.