തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.ബിജുവിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും അനുശോചിച്ചു. ഊർജസ്വലതയും ആത്മാർപ്പണവും കൊണ്ട് ജനങ്ങളുടെ പ്രിയങ്കരനായി മാറിയ പൊതുപ്രവർത്തകനായിരുന്നു പി.ബിജുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാവെന്ന നിലയിലും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും ശ്രദ്ധേയമായ ഇടപെടലായിരുന്നു ബിജുവിന്‍റെതെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു.
കരുത്തനായ യുവജന നേതാവും എനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി.ബിജുവിന്‍റെ വേർപാട് അതീവ ദുഃഖകരമാണെന്ന് ഇ.പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വാക്കുകൾ കൊണ്ട് പ്രതിഫലിപ്പിക്കാൻ കഴിയാത്ത നഷ്ടമാണ് അകാലത്തിലുള്ള വിയോഗം കൊണ്ട് ഉണ്ടായതെന്നും ഇ.പി ജയരാജന്‍ കുറിച്ചു.
-
യുവജന നേതാവും ജനങ്ങൾക്കാകെ പ്രിയപ്പെട്ടവനുമായ പി.ബിജുവിൻ്റെ അകാല വിയോഗം വേദനാജനകമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള...
Posted by Pinarayi Vijayan on Tuesday, November 3, 2020
-
കരുത്തനായ യുവജന നേതാവും എനിക്ക് ഏറെ പ്രിയപ്പെട്ട സഖാവുമായ പി ബിജുവിന്‍റെ വേർപാട് അതീവ ദുഃഖകരമാണ്. വാക്കുകൾ കൊണ്ട്...
Posted by E.P Jayarajan on Tuesday, November 3, 2020
സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി മെമ്പറുമായിരുന്നു ബിജു. കൊവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ബാധിച്ചിരുന്നു. പ്രമേഹ രോഗിയായ ബിജുവിന് കൊവിഡ് ബാധിച്ചതിനെ തുടർന്ന് പ്രമേഹം മൂർച്ഛിച്ചു. ഇരു വൃക്കകളുടെയും പ്രവർത്തനവും തകരാറിലായി. കൊവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഗുരുതരമായി തുടരുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. സംസ്‌കാരം കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടക്കും.