കണ്ണൂർ:ടോക്കിയോ ഒളിമ്പിക്‌സ് അങ്ങ് ജപ്പാനിലാണ് നടക്കുന്നതെങ്കിലും ഇങ്ങ് കേരളത്തില്‍ തലശേരിയിലും ആഹ്ളാദത്തിന് കുറവില്ല. ഫെൻസിങ്ങിൽ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടം കൈവരിച്ച സിഎ ഭവാനിദേവിയാണ് കേരളത്തിന് അഭിമാനമാകുന്നത്.
സായ് സെന്‍ററിന്‍റെ സംഭാവന
സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തലശ്ശേരി കേന്ദ്രത്തിൽ പയറ്റിത്തെളിഞ്ഞ താരമാണ് ഭവാനിദേവി. 2008 മുതൽ 11 വർഷം തലശ്ശേരി സായ് സെന്‍ററിൽ കോച്ച് സാഗർ എസ് ലാഗുവിന് കീഴിലായിരുന്നു ഭവാനിദേവിയുടെ പരിശീലനം. വിവിധ രാജ്യാന്തര മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഭവാനിക്ക് ഒളിമ്പിക്‌സിലേക്കുള്ള വഴി തുറന്നത്.
ഫെൻസിങ്ങിലെ ആദ്യ ഇന്ത്യൻ ഒളിമ്പ്യൻ; ഭവാനിദേവിയിലൂടെ കേരളത്തിനും അഭിമാനം ഇപ്പോൾ ലോക റാങ്കിങ്ങിൽ 42ാം സ്ഥാനത്തുള്ള ഭവാനിദേവി 2008ൽ സായിയിൽ ചേർന്ന വർഷം അണ്ടർ 17 വിഭാഗത്തിൽ സ്വർണം നേടിയാണ് കരിയറിന് തുടക്കം കുറിച്ചത്. തൊട്ടടുത്ത വർഷം സാബിർ വിഭാഗത്തിൽ ആദ്യ ഇന്‍റർനാഷണൽ മെഡലും സ്വന്തമാക്കി. കൂടാതെ കോമൺവെൽത്ത് ഫെൻസിങ്ങിൽ സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്.
ALSO READ:ചക്കിട്ടപാറയിൽ നിന്ന് വീണ്ടുമൊരു ഒളിമ്പ്യൻ; സ്വപ്‌നം മെഡൽ മാത്രം
തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂളിലും ബ്രണ്ണൻ കോളജിലുമായിരുന്നു ഭവാനിദേവി പഠനം പൂർത്തിയാക്കിയത്. ചെന്നൈ സ്വദേശിയായ സി. ആനന്ദസുന്ദര രാമന്‍റെയും രമണിയുടെയും മകളായ ഭവാനി ദേവി തമിഴ്‌നാട് ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥയാണ്.
തലശ്ശേരി സായ് കേന്ദ്രത്തിൽ നിന്ന് ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന രണ്ടാമത്തെ താരമാണ് ഭവാനിദേവി. ലണ്ടൻ ഒളിമ്പിക്‌സിൽ ട്രിപ്പിൾ ജംപിൽ പങ്കെടുത്ത മയൂഖ ജോണിയാണ് സായിയിൽ നിന്നുള്ള ആദ്യ ഒളിമ്പ്യൻ.