കണ്ണൂർ :അനർഹമായ റേഷൻ കാർഡുകൾ കണ്ടെത്താനായി ചപ്പാരപ്പടവ് പഞ്ചായത്ത് പരിധിയിൽ തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ 14 റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 32 ലധികം വീടുകളിലാണ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
അനർഹമായ ആറ് മുൻഗണന കാർഡുകൾ, രണ്ട് അന്ത്യോദയ കാർഡുകൾ, ആറ് സബ്‌സിഡി കാർഡുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇവയിൽ വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റും.
തളിപ്പറമ്പ് ചപ്പാരപ്പടവ് പഞ്ചായത്തിൽ അനർഹമായ 14 റേഷൻ കാർഡുകൾ പിടിച്ചെടുത്തു ഇവരിൽ നിന്നും 2021 ലെ കെ.ടി.പി.ഡി.എസ് ഉത്തരവ് പ്രകാരവും അവശ്യവസ്തു നിയമം വകുപ്പ്, ക്രിമിനൽ നടപടിച്ചട്ടം 1973 എന്നിവ പ്രകാരവും പിഴയും ദുരുപയോഗം ചെയ്ത റേഷന്‍റെ വിപണി വില ഈടാക്കുകയും ചെയ്യും. കൂടാതെ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും വിധം പ്രോസിക്യൂഷന് വിധേയരാക്കും.
ALSO READ :സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 മുതൽ തുറക്കും; ഉത്തരവിറക്കി സർക്കാർ
റേഷൻ സാധനങ്ങൾ കാർഡുടമകൾ പൊതുവിപണിയിൽ വിൽക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചപ്പാരപ്പടവിലെ എം.എ സ്റ്റോറിലും സംഘം പരിശോധന നടത്തി. ഇവിടെ നിന്നും 61.5 കിലോ റേഷൻ പുഴുക്കലരിയും, 54 കിലോ റേഷൻ ഗോതമ്പും പിടിച്ചെടുത്തു. പരിശോധനിൽ റേഷനിങ് ഇൻസ്പെക്‌ടർമാരായ പി.വി കനകൻ, എ.വി മഞ്ജുഷ, കെ.ജെയ്‌സ് ജോസ് എന്നിവരും പങ്കെടുത്തു.