വയനാട്: 49 വർഷങ്ങൾക്ക് ശേഷം ഒരു കൂടിക്കാഴ്ച. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനെത്തുന്നു എന്നറിഞ്ഞപ്പോഴാണ് വയനാട് സ്വദേശിയും നഴ്സുമായിരുന്ന രാജമ്മ ആ ആഗ്രഹം പുറത്തുപറഞ്ഞത്. മാധ്യമങ്ങളിലൂടെ കാര്യമറിഞ്ഞ രാഹുല്‍ അടുത്ത വരവിന് രാജമ്മയെ കണ്ടിരിക്കുമെന്ന് വാക്കു കൊടുത്തു. റെക്കോഡ് ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിച്ച നാട്ടുകാര്‍ക്ക് നന്ദി അറിയിക്കാനായി എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍, രാജമ്മക്ക് നല്‍കിയ വാക്ക് പാലിച്ചു.
വര്‍ഷങ്ങൾക്കിപ്പുറം രാഹുലിന്‍റെ കൈകളെ രാജമ്മ വീണ്ടും പുണര്‍ന്നു - വയനാട്
രാഹുല്‍ ഗാന്ധിയെ ജനനസമയത്ത് ഏറ്റുവാങ്ങിയ രാജമ്മയെ കാണാന്‍ രാഹുല്‍ എത്തി.

കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുടെ ജനനസമയത്ത് മെഡിക്കൽ സംഘത്തിനൊപ്പം ഡൽഹി ഹോളിഫാമിലി ആശുപത്രിയിലുണ്ടായിരുന്ന രാജമ്മയുടെ കൈകളിലേക്കാണ് ഇന്ത്യൻ നാഷണല്‍ കോൺഗ്രസിന്‍റെ അധ്യക്ഷൻ പിറന്നുവീണത്. കല്‍പ്പറ്റ പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ കാത്തു നിന്ന രാജമ്മയെ കാണാൻ ഇരു കൈകളും കൂപ്പി രാഹുല്‍ എത്തി. കണ്ടയുടൻ രാജമ്മയെ രാഹുൽ ചേര്‍ത്തു പിടിച്ചു. പിന്നെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനിടയില്‍ രാജമ്മ കൊണ്ടുവന്ന മധുരവും കേരളത്തിന്‍റെ തനത് ചക്കവറുത്തതും രാഹുലിന് നല്‍കി. മുൻ സൈനിക ഉദ്യോഗസ്ഥനായ ഭർത്താവിനും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് രാജമ്മ എത്തിയത്. വാക്ക് പാലിച്ച് രാഹുലും 49 വർഷങ്ങൾക്ക് ശേഷം നേരില്‍ കണ്ടതിന്‍റെ സന്തോഷത്തില്‍ രാജമ്മയും കല്‍പ്പറ്റയില്‍ നിന്ന് മടങ്ങി.