വയനാട്:തോട്ടം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണ വിഷയത്തിൽ ട്രേഡ് യൂണിയനുകൾ മൗനം തുടരുന്നത് പ്രതിഷേധത്തിനിടയാക്കുന്നു. തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞ ഒമ്പത് മാസം പിന്നിട്ടിട്ടും പുതുക്കാൻ നടപടികളില്ലാത്തതാണ് തൊഴിലാളികളുടെ അമർഷത്തിനിടയാക്കുന്നത്.
ശമ്പള പരിഷ്‌കരണമില്ലാതെ തോട്ടം തൊഴിലാളികൾ; മിണ്ടാട്ടമില്ലാതെ ട്രേഡ് യൂണിയനുകൾ കഴിഞ്ഞ വർഷം ഓഗസ്റ്റ് 31നാണ് ശമ്പള പരിഷ്‌കരണ കാലാവധി കഴിഞ്ഞത്. മാസങ്ങളായിട്ടും പ്ലാന്‍റേഷൻ ലേബർ കമ്മിറ്റി ചേരാൻ പോലും അധികൃതർ തയാറായിട്ടില്ല. പരിഷ്‌കരണം നടപ്പാക്കാൻ സർക്കാരിൽ യൂണിയനുകൾ സമ്മർദം ചെലുത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇതോടെ മുൻ വർഷങ്ങളിലേതുപോലെ ഇത്തവണയും മുൻകാല പ്രാബല്യമില്ലാതെ നാമമാത്രമായ തുകയുടെ വർധനവ് മാത്രമാണുണ്ടാകുകയെന്ന ആശങ്കയിലാണ് ജില്ലയിലെ തോട്ടം മേഖല. നേരത്തെ ശമ്പള പരിഷ്‌കരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യൂണിയനുകൾ സംയുക്തമായി പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു.
എന്നാൽ ഇത്തവണ ചില യൂണിയനുകൾ പ്രസ്‌താവനകൾ ഇറക്കിയതല്ലാതെ വിഷയത്തിൽ കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. സർക്കാർ ജീവനക്കാരുടേതുൾപ്പെടെ മറ്റു മേഖലകളിൽ സേവന വേതന വ്യവസ്ഥ പുതുക്കാൻ നടപടി സ്വീകരിക്കുന്ന സർക്കാർ തോട്ടം തൊഴിലാളികളെ അവഗണിക്കുകയാണെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.
അതേസമയം പ്രതിദിന വേതനം 600 രൂപയെന്ന തൊഴിലാളികളുടെ വർഷങ്ങളായുള്ള ആവശ്യം ഇത്തവണയും അംഗീകരിക്കപ്പെടില്ലെന്നാണ് ലഭിക്കുന്ന സൂചന. ജീവിത ചെലവുകൾ വർധിച്ചതോടെ തോട്ടങ്ങളിൽ നിന്നുള്ള തുച്ഛമായ വേതനം തികയാതെ നിരവധി തൊഴിലാളികളാണ് മറ്റു തൊഴിൽ മേഖലകളിലേക്ക് ചേക്കേറിയത്.
നിലവിൽ അന്യസംസ്ഥാന തൊഴിലാളികളെ കൂടുതലായി ഉപയോഗിച്ചാണ് ജില്ലയിലെ വൻകിട തോട്ടങ്ങളുടെ പ്രവർത്തനം. അതിനാൽ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കാൻ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.