വയനാട്: കേണിച്ചിറയിൽ നെൽവയലിൽ പ്രവേശിച്ചു എന്നാരോപിച്ച് ആദിവാസി കുട്ടികളെ അയൽവാസി ക്രൂരമായി മർദിച്ചെന്ന് പരാതി. നെയ്‌കുപ്പ ആദിവാസി കോളനിയിലെ ആറ് വയസുള്ള മൂന്ന് കുട്ടികൾക്കാണ് മർദനമേറ്റത്. സംഭവത്തിൽ അയൽവാസി രാധാകൃഷ്‌ണനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
'നെൽവയലിൽ കയറിയെന്ന്'; ആദിവാസി കുട്ടികളെ ക്രൂരമായി മർദിച്ച് അയൽവാസി, കേസെടുത്ത് പൊലീസ് - Wayanad news
വയനാട്ടിലെ കേണിച്ചിറയിൽ നെയ്‌കുപ്പ ആദിവാസി കോളനിയിലെ മൂന്ന് കുട്ടികളെയാണ് വയലിലെ ബണ്ട് തകർത്തു എന്നാരോപിച്ച് അയൽവാസിയായ രാധാകൃഷ്‌ണൻ വടി ഉപയോഗിച്ച് മർദിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് സംഭവം. രാധാകൃഷ്‌ണന്‍റെ നെൽവയലിലൂടെ കുട്ടികൾ നടന്നുപോകുന്നതിനിടെ വയലിലെ ബണ്ട് നശിപ്പിച്ചു എന്നാരോപിച്ച് ഇയാൾ കുട്ടികളെ വടി ഉപയോഗിച്ച് മർദിക്കുകയായിരിന്നു. തുടർന്ന് കുട്ടികൾ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് മർദന വിവരം പുറംലോകം അറിയുന്നത്.
തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കുട്ടികളുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിക്കെതിരെ എസ്‌സി/എസ്‌ടി അട്രോസിറ്റി ആക്‌ട്, ഐപിസി സെക്ഷൻ 324 എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇയാൾക്കായുള്ള അന്വേഷണം തുടരുകയാണ്.