ആലപ്പുഴ:ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോൺഗ്രസ് നേതാക്കള്‍ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് സിപിഎം നടത്തുന്ന കരിദിനാചരണത്തിനെതിരെ വെള്ളാപ്പള്ളി. ഗുരുദേവ ജയന്തി ദിനത്തിൽ സിപിഎം കരിദിനമാചരിക്കുന്നതിൽ പ്രതിഷേധം അറിയിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെള്ളാപ്പള്ളി തന്‍റെ പ്രതിഷേധം അറിയിച്ചത്.
സിപിഎം കരിദിനത്തിനെതിരെ പ്രതിഷേധവുമായി വെള്ളാപ്പള്ളി നടേശൻ - CPM BLACK DAY
വെഞ്ഞാറമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്
ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമേ ഇതിനെ കാണാൻ സാധിക്കുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. രണ്ട് ചെറുപ്പക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ദു:ഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തിൽ പാർട്ടിയുടെ പ്രതിഷേധം മനസിലാക്കാം. പക്ഷേ ഞായറാഴ്ച നടന്നൊരു സംഭവത്തിന്‍റെ പേരിൽ മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളിൽ തന്നെ പ്രതിഷേധിക്കാൻ തീരുമാനിച്ചതും അതും കരിദിനമായി ആചരിക്കാൻ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പളളി നടേശൻ വ്യക്തമാക്കി. വെഞ്ഞാറമൂട്ടിൽ രണ്ടു ഡിവൈഎഫ്ഐ നേതാക്കളെ കോൺഗ്രസ് പ്രവർത്തകർ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്തത്.