ആലപ്പുഴ : കുട്ടനാട്ടിലെ പാടങ്ങള്‍ കണ്ണീര്‍ പാടങ്ങളായി മാറിയിരിക്കുകയാണെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ സന്ദർശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വട്ടിപ്പലിശയ്‌ക്കെടുത്തും സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തിയുമാണ് കര്‍ഷകര്‍ കൃഷിക്കുള്ള പണം കണ്ടെത്തിയിരിക്കുന്നത്. വിള ഇന്‍ഷുറന്‍സില്‍ വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ചേരാന്‍ സാധിച്ചിട്ടുള്ളൂ. ഇതിലൂടെ തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
കുട്ടനാട്ടിലെ പാടങ്ങള്‍ കണ്ണീര്‍ പാടങ്ങളായി മാറുന്നു; കര്‍ഷകരെ ചേര്‍ത്തുപിടിക്കുമെന്ന് വി.ഡി സതീശന്‍ ഉറപ്പുകൾ പാലിച്ചില്ല : കുട്ടനാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെ ഗൗരവത്തോടെ നിയമസഭയില്‍ അവതരിപ്പിച്ചതാണ്. അന്ന് കൃഷി, ജല വിഭവ വകുപ്പ് മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടേത് ഉള്‍പ്പടെ ഒരു പദ്ധതി പോലും കുട്ടനാട്ടില്‍ നടപ്പാക്കിയിട്ടില്ല.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ സമഗ്രമായൊരു പദ്ധതിയാണ് കുട്ടനാടിന് ആവശ്യം. കടലും കുട്ടനാടും തമ്മില്‍ കൂടുതല്‍ അടുക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. പൂര്‍ണമായ അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നത്. നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും കുട്ടനാട്ടിലെ പാവങ്ങളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
നിയമസഭയിൽ ഉന്നയിക്കും : കുട്ടനാട്ടിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഉന്നയിച്ച് പരിഹാരമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തിനിരയായ കര്‍ഷകരുടെ കേടായ നെല്ല് സര്‍ക്കാര്‍ തന്നെ സംഭരിച്ച് പണം നല്‍കാന്‍ തയാറാകണം. ഇത്തവണ സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ അടുത്ത തവണ അവര്‍ എങ്ങനെ കൃഷിയിറക്കും. ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.
കര്‍ഷകരെ ചേര്‍ത്തുപിടിച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നടപടിയുമായി പ്രതിപക്ഷം മുന്നോട്ടുപോകും. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മാത്രം കാണാനല്ല യു.ഡി.എഫ് നേതാക്കള്‍ വന്നത്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പോരാട്ടങ്ങള്‍ക്കും കുട്ടനാട് നിന്നും തുടക്കം കുറിക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.