ആലപ്പുഴ: അജിത്തിന് കുവിയോടുള്ള സ്നേഹത്തിന്‍റെ വില ഒടുവിൽ മൂന്നാർ പെട്ടിമുടിയിലെ വീട്ടുകാരും തിരിച്ചറിഞ്ഞു. രേഖാമൂലം തന്നെ കുവിയെ അവർ അജിത്തിന് കൈമാറി. മൂന്നാറിന്‍റെ തണുപ്പിൽ നിന്ന് കുവി ഇനി ചേർത്തലയുടെ സ്നേഹച്ചൂടിൽ ജീവിക്കും.
2020 ഓഗസ്റ്റ് അഞ്ചിന് മൂന്നാർ രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നാടൻ നായയാണ് കുവി. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് മീതേ മലയിടിഞ്ഞ് 70 പേരാണു മരിച്ചത്. ദുരന്തത്തിൽ മരിച്ച കളിക്കൂട്ടുകാരിയായ രണ്ടര വയസുകാരി ധനുഷ്‌കയുടെ മൃതദേഹത്തിന് കാവലിരുന്ന് തിരച്ചിൽ സംഘത്തിന് കാട്ടിക്കൊടുത്താണ് കുവി ശ്രദ്ധേയയായത്. ധനുഷ്‌കയുടെ മൃതദേഹം കുവിയുടെ സഹായത്താൽ ദുരന്തത്തിന്‍റെ എട്ടാം ദിവസമാണ് കണ്ടെത്തിയത്.
Read more: പളനിയമ്മ ഹൃദയം തൊട്ടു വിളിച്ചു... കുവി ആ വിളി കേട്ടു.. മനസ് നിറഞ്ഞ് പെട്ടിമുടി
പൊലീസിന്‍റെ ഇടുക്കി ജില്ല ഡോഗ് സ്‌കോഡിലെ പരിശീലകൻ ചേർത്തല സ്വദേശി അജിത്ത് മാധവനാണ് കുവിയെ ഏറ്റെടുത്തത്. ഗർഭിണിയാണ് കുവി. അജിത്തിന് വിദേശ ഇനത്തിൽപ്പെട്ടതടക്കമുള്ള ആറ് നായകളുണ്ട്. അവരോടൊപ്പമായിരിക്കും ഇനി കുവി.