ആലപ്പുഴ:നിരന്തരമായ മിസൈൽ ആക്രമണമാണ് നടക്കുന്നതെന്നും ജീവൻ പോലും ഭീഷണിയിലാണെന്നും യുക്രൈനിലെ കീവിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ. കീവ് മെഡിക്കൽ സർവകലാശാലയിലെ ആറ് എംബിബിഎസ് വിദ്യാർഥികളാണ് ബോംബ് ഷെൽട്ടറിൽ കുടുങ്ങി കിടക്കുന്നത്. ആലപ്പുഴ, തിരുവനന്തപുരം, വയനാട് സ്വദേശികളും തമിഴ്‌നാട്ടിൽ നിന്നുള്ള രണ്ട് വിദ്യാർഥികളുമാണ് കുടുങ്ങികിടക്കുന്നവരിലുള്ളത്.
ഡാർനൈസ മെട്രോ സ്റ്റേഷന് സമീപത്തെ ഫ്ലാറ്റിന്‍റെ എതിർവശത്തുള്ള ബോംബ് ഷെൽട്ടറിലാണ് ഇവർ ഇപ്പോഴുള്ളത്. വെള്ളവും ഭക്ഷണവും തീർന്നുകൊണ്ടിരിക്കുകയാണ്. പരിമിതമായ ഭക്ഷണം മാത്രമാണ് തങ്ങളുടെ കയ്യിൽ ശേഷിക്കുന്നത്. ഫോണുകളിൽ ചാർജില്ല. വൈദ്യുതി ബന്ധമോ ചാർജ് ചെയ്യുവാനുള്ള സംവിധാനങ്ങളോ ഇല്ലാത്തത് കൊണ്ട് തന്നെ ഫോണിൽ ബന്ധപ്പെടുവാൻ കഴിയാതെ സാഹചര്യമാണുള്ളത്. ഇന്ത്യൻ സമയം രാവിലെ 07:30 മുതൽ മിസൈൽ ആക്രമണം ആരംഭിച്ചിട്ടുണ്ടെന്നും തങ്ങളുടെ അവസാന വിശ്വാസം ഇന്ത്യൻ സർക്കാരിലാണെന്നും വിദ്യാർഥികൾ പറയുന്നു.