ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കാൻ പോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി പൗരപ്രമുഖരുമായല്ല നിയമസഭയിലാണ് ആദ്യം ചര്‍ച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് പോലും തയാറാകാതിരുന്ന മുഖ്യമന്ത്രി ഇപ്പോള്‍ പൗരപ്രമുഖന്‍മാരെ കാണാന്‍ നടക്കുകയാണ്.
പണ്ടുകാലങ്ങളില്‍ വോട്ടവകാശമുണ്ടായിരുന്നത് പൗരപ്രമുഖര്‍ക്കും ഭൂവുടമകള്‍ക്കും സമ്പന്നര്‍ക്കും മാത്രമായിരുന്നു. ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രി വരേണ്യ വര്‍ഗക്കാരുമായി മാത്രം സംസാരിക്കാന്‍ ഇറങ്ങിയിരിക്കുന്നത് പദ്ധതിയെ കുറിച്ചുള്ള ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും വി.ഡി സതീശൻ ആരോപിച്ചു.
ഡിപിആര്‍ പോലും പുറത്തിറക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോയാല്‍ പ്രതിപക്ഷം അതിനെ എതിര്‍ക്കും. ജനപ്രതിനിധികളുമായോ രാഷ്ട്രീയ കക്ഷി നേതാക്കളുമായോ സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാര്‍ക്ക് മുന്നില്‍ വിശദീകരിച്ചാല്‍ അതിനെ അംഗീകരിക്കില്ല. കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലാണ് മുഖ്യമന്ത്രി പദ്ധതിയെ കുറിച്ച് വിശദീകരിക്കേണ്ടത്.