ആലപ്പുഴ: കോടഞ്ചേരി മിശ്ര വിവാഹ വിവാദത്തിൽ പ്രതികരണവുമായി ഷെജിനും ജോയ്‌സനയും. ലൗ ജിഹാദ് ആരോപണം തികച്ചും തെറ്റായ ആരോപണമാണ്. താനും ജോയ്‌സനയും രണ്ട് മതത്തിൽ നിന്നുള്ളവരാണ് എന്നത് കൊണ്ട് സ്നേഹിക്കാൻ പാടില്ലെന്നും വിവാഹം ചെയ്യാന്‍ പാടില്ലെന്നും ഈ രാജ്യത്ത് നിയമമൊന്നുമില്ലെന്ന് ഷെജിന്‍ പറഞ്ഞു.
പ്രായപൂർത്തിയായവരാണ് തങ്ങൾ ഇരുവരും. അതുകൊണ്ട് തന്നെ സ്വതന്ത്രമായി തീരുമാനമെടുക്കുവാനുള്ള അവകാശം തങ്ങൾക്കുണ്ട്. അതിൽ ജാതിയും മതവും രാഷ്ട്രീയവുമില്ലെന്നും തങ്ങൾ തങ്ങളുടെ ബോധ്യത്തിനനുസൃതമായാണ് ജീവിക്കുന്നതെന്നും ദമ്പതികൾ വ്യക്തമാക്കി.
Also read: 'ലൗവ് ജിഹാദ് എന്നത് നിർമിത കള്ളം'; ഷെജിനും ജോയ്‌സ്‌നയും മാതൃകയെന്ന് ഡി.വൈ.എഫ്.ഐ
ഒരുമിച്ച് ജീവിക്കാനാണ് വീടുവിട്ടിറങ്ങിയത്. മതം മാറാന്‍ യാതൊരു സമ്മര്‍ദ്ദവുമില്ല. തങ്ങളുടെ ബോധ്യത്തിലാണ് ജീവിക്കാൻ ആഗ്രഹിക്കുന്നത്.
മരിക്കുന്നത് വരെ മതത്തില്‍ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യവും തങ്ങൾക്കുണ്ടെന്നും ഇരുവരും പറഞ്ഞു. തങ്ങള്‍ക്കെതിരെ നടക്കുന്നത് മൃഗീയ സൈബര്‍ ആക്രമണമാണെന്ന് പറഞ്ഞ ദമ്പതികള്‍ ഇത് അവസാനിപ്പിക്കാൻ എല്ലാവരും തയ്യാറാവണമെന്നും ആവശ്യപ്പെട്ടു. ഷെജിന്‍റെ കുടുംബ വീടായ താമരക്കുളത്താണ് ഇരുവരും ഇപ്പോൾ ഉള്ളത്.