ആലപ്പുഴ: എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാൻ വധക്കേസിൽ ഗൂഢാലോചനയിൽ പങ്കാളികളായ ആർഎസ്എസ് നേതാക്കളെ രക്ഷപ്പെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ. കേസിൽ മുഖ്യ ആസൂത്രകനായ വൽസൻ തില്ലങ്കേരിക്കെതിരെ അന്വേഷണം നടത്താൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു.
ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇത് സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും ജോൺസൺ കണ്ടച്ചിറ പറഞ്ഞു. പൊലീസ് സേനയിലെ ആർഎസ്എസ്സുകാർ തങ്ങൾക്കു ലഭിക്കുന്ന വിവരങ്ങൾ കൃത്യമായി ആർഎസ്എസിനു കൈമാറുകയാണ്. കൂടാതെ പ്രകോപനപരമായ പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തി അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ബിജെപി നേതാക്കൾ നടത്തുന്നത്.
ഇതിന്‍റെ ഭാഗമാണ് ബിജെപി നേതാവ് എംടി രമേശ് ആലപ്പുഴയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗമെന്നും ജോൺസൺ കണ്ടച്ചിറ ആരോപിച്ചു. ഏതെങ്കിലും കേസിലെ പ്രതികളെക്കുറിച്ച് ബിജെപി നേതാക്കൾക്ക് അറിവുണ്ടെങ്കിൽ ആ വിവരം പൊലീസിന് കൈമാറുകയാണ് വേണ്ടത്. എംടി രമേശ് ഉൾപ്പെടെയുള്ള ആർ.എസ്.എസ്-ബിജെപി നേതാക്കളെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാവണം.