ആലപ്പുഴ : സംസ്ഥാനത്ത് ബിജെപിയുമായി ചേർന്ന് സിപിഎം തുടർഭരണത്തിന് ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തുടർഭരണത്തിനായി സിപിഎം ആരുമായും കൈകോർക്കുന്നു. പിഡിപിയും പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഒളിഞ്ഞും തെളിഞ്ഞും ഇത്തരം സംഘടനകളുമായി ഇടതുമുന്നണിക്ക് ബന്ധമുണ്ട്. ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷികൾക്ക് പുറത്ത് മറ്റാരുമായും കോൺഗ്രസിന് സഖ്യമില്ല. മഞ്ചേശ്വരം സീറ്റുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് തനിക്കറിയില്ല. യുഡിഎഫിന് ഒരിടത്തും ആരുമായും നീക്കുപോക്കുകൾ ഇല്ലെന്നും ചെന്നിത്തല ഹരിപ്പാട് പറഞ്ഞു.
ബിജെപിയുമായി ചേർന്ന് സിപിഎം തുടർഭരണത്തിന് ശ്രമിക്കുന്നുവെന്ന് ചെന്നിത്തല - മഞ്ചേശ്വരം സിപിഎം പിന്തുണ
മഞ്ചേശ്വരം സീറ്റുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. യുഡിഎഫിന് ആരുമായും നീക്കുപോക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
എൽഡിഎഫിന്‍റെ അഴിമതി ഭരണം അവസാനിക്കണമെന്ന വികാരം ജനങ്ങളിൽ ശക്തമാണ്. ജനങ്ങൾക്ക് പ്രതിപക്ഷത്തിൽ വിശ്വാസമുണ്ട്. പ്രതിപക്ഷം കൊണ്ടുവന്നതെല്ലാം ശരിയെന്ന് തെളിഞ്ഞു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തിന്‍റെ വിശ്വാസ്യത ഉയർന്നുനിൽക്കുന്നുവെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു നിലപാടും ഇല്ല. എൽഡിഎഫ് വിശ്വാസികൾക്കൊപ്പമാണോയെന്ന് കടകംപള്ളി സുരേന്ദ്രനല്ല പറയേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയാണ് വ്യക്തമാക്കേണ്ടത്. വ്യാജ വോട്ടർമാരുടെ കാര്യത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ പിണറായിക്ക് വോട്ട് ചെയ്യില്ല. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണ് ഉള്ളതെന്നും ജനങ്ങളിൽ വിശ്വാസമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.