ആലപ്പുഴ :"ഒരു മുട്ടയ്ക്കും അൽപ്പം ഗ്രേവിക്കും കൂടി 50 രൂപ. കനംകുറഞ്ഞ ഒരപ്പത്തിന് വില 15 രൂപ. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതാണോ ഈ വില?" ചോദ്യം ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്‌ജന്‍റേതാണ്. എംഎൽഎയും ഡ്രൈവറും കൂടി കഴിച്ച ഭക്ഷണത്തിന് അമിത വില ഈടാക്കിയതോടെയാണ് എം.എൽ.എ തന്നെ ഹോട്ടലിനെതിരെ പരാതിയുമായി രംഗത്തുവന്നത്.
ഇരുവരും കൂടി ഭക്ഷണം കഴിക്കാൻ സ്വന്തം മണ്ഡലത്തിലെ കണിച്ചുകുളങ്ങരയിലെ പീപ്പിൾസ് റസ്റ്റോറന്‍റ് എന്ന ഹോട്ടലിൽ എത്തി. ഭക്ഷണം കഴിച്ച ശേഷം പണം നൽകാൻ എത്തിയതോടെയാണ് ബില്ലിലെ തുക കണ്ട് എം.എൽ.എ ഞെട്ടിയത്. ഇരുവരും കൂടി ആകെ കഴിച്ചത് രണ്ട് മുട്ടക്കറിയും 5 അപ്പവുമാണ്. ഹോട്ടലുകാർ ബിൽ നൽകിയതോ ടാക്‌സ് ഉൾപ്പടെ 184 രൂപ.
ഇതിനെ എം.എൽ.എ ചോദ്യം ചെയ്തുവെങ്കിലും ഇതാണ് ഇവിടുത്തെ വില എന്നാണ് ഹോട്ടലിലെ ജീവനക്കാർ മറുപടി നൽകിയത്. വിലവിവര പട്ടിക എവിടെയെന്ന് ചോദിച്ചപ്പോള്‍ അത് പ്രദർശിപ്പിച്ചിട്ടില്ലെന്ന മറുപടിയും ലഭിച്ചു. എന്നാൽ ഇത്തരം പകൽകൊള്ള അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ എംഎൽഎ ഭക്ഷണത്തിന്‍റെ ബില്ലും വാങ്ങി പണവുമടച്ച് ഇരുവരും അവിടെ നിന്ന് ഇറങ്ങുകയായിരുന്നു.