ആലപ്പുഴ: നല്ല വായന വാക്കുകളിൽ പ്രതിഫലിക്കുമെന്ന് പ്രശസ്‌ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ. നല്ല വായനയാണ് സംസ്ക്കാരമായി മാറുന്നത്. അവ പ്രതീക്ഷകളെ സുഗമവും സുന്ദരവും ആക്കുന്നു. ഓർമിക്കാൻ എന്തെങ്കിലും കൈവശം ഉണ്ടെങ്കിൽ അത് വായനയിലൂടെ ഹൃദയം കൈമാറിയവർക്ക് മാത്രമാണെന്നും കവി പറഞ്ഞു.
വായനാശീലം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ വായനയോടുള്ള താൽപ്പര്യവും സാഹിത്യ അഭിരുചിയും വളർത്തുക എന്ന ലക്ഷ്യത്തോടെ തണ്ണീർമുക്കം പഞ്ചായത്ത് സംഘടിപ്പിച്ച പി.എൻ പണിക്കർ അനുസ്‌മരണ പരിപാടിയില്‍ നൂറോളം കുട്ടികൾക്ക് വിജ്ഞാനപ്രദമായ പുസ്‌തകങ്ങളും പഠനോപകരണങ്ങളും രാജീവ് ആലുങ്കൽ കൈമാറി.