ആലപ്പുഴ :പമ്പ മണൽക്കടത്തിൽ വൻ അഴിമതിയാണ് നടന്നിട്ടുള്ളതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. സാങ്കേതികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അന്വേഷണം ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. വിഷയത്തിൽ നിയമപരമായി എന്താണ് ചെയ്യാൻ കഴിയുക എന്ന് അന്വേഷിച്ച് വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
പമ്പ മണൽക്കടത്തിൽ വൻ അഴിമതി; തുടർ നടപടികൾ സ്വീകരിക്കാൻ നിയമോപദേശം തേടുമെന്ന് ചെന്നിത്തല
പമ്പ മണൽക്കടത്തുമായി ബന്ധപ്പെട്ട തിരുവനന്തപുരം വിജിലൻസ് കോടതിയുടെ അന്വേഷണം ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്നും ചെന്നിത്തല വ്യക്തമാക്കി.
'തുടർ നടപടികൾ സ്വീകരിക്കാൻ നിയമ വിദഗ്‌ധരോട് നിയമോപദേശം തേടും. പ്രളയകാലത്ത് പമ്പയാറ്റിൽ അടിഞ്ഞുകൂടിയ മണൽ സ്വകാര്യ വ്യക്തിക്ക് കൊടുക്കാനുള്ള നടപടിയിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. അതിൽ യാതൊരു സംശയവുമില്ല. ഇത് പുറത്തുവന്നപ്പോഴുള്ള ഭയം മൂലമാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ സർക്കാർ നിർത്തിവെച്ചതും പിൻവലിച്ചതും'. വിഷയത്തിൽ അനുമതിയുടെ നൂലാമാലകളിൽ പിടിച്ചാണ് അന്വേഷണം നടത്താത്തത് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിമാർക്കെതിരായ അന്വേഷണത്തിൽ സർക്കാരിന്‍റെ അനുമതി വേണമെന്നുള്ള അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് പാർലമെന്‍റ് ഭേദഗതി വരുത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട അനുമതി ലഭിക്കാതെ വന്നപ്പോഴാണ് ഹൈക്കോടതി ഇപ്പോൾ ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഇതേ ഹൈക്കോടതി തന്നെ മറ്റൊരു കേസിൽ കോടതിക്ക് നേരിട്ട് അന്വേഷിക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.