ആലപ്പുഴ: കൊവിഡ് കാലത്ത് സംസ്ഥാനത്ത് ധാന്യ വിതരണത്തിന് മുടക്കം വരുത്തുന്ന റേഷൻ കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ. റേഷൻ വ്യാപാരികൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സമരം ചെയ്യുന്ന റേഷൻ കടകൾക്കെതിരെ നടപടിയെന്ന് ഭക്ഷ്യമന്ത്രി - റേഷൻ കട സമരം
വ്യപാരികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടും സമരം തുടരുന്നത് അംഗീകരിക്കാനാകില്ലെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ.
സംസ്ഥാനത്ത് കുറച്ചധികം റേഷൻ കടകൾ അടഞ്ഞു കിടക്കുന്നതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് മുൻകൂർ അറിയിപ്പൊന്നും റേഷൻ വ്യാപാരികളോ സംഘടനകളോ നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഒടിപി വഴിയുള്ള റേഷൻ വിതരണ സംവിധാനത്തിൽ നിന്ന് മാറി ബയോമെട്രിക് രീതിയിലോ സ്വയമായോയുള്ള രീതിയിലോ റേഷൻ വിതരണ സംവിധാനം സജീകരിക്കണമെന്നതാണ് റേഷൻ വ്യാപാരികൾ ഉന്നയിച്ച ആവശ്യം. എന്നാൽ ഇത് സർക്കാർ അംഗീകരിച്ചിട്ടും റേഷൻ വ്യാപാരികൾ കടയടച്ച് സമരം ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബയോമെട്രിക് രീതിയിൽ റേഷൻ വിതരണം നടത്തുമ്പോൾ ഉപഭോക്താക്കൾക്ക് ആവശ്യമായി വരുന്ന സാനിറ്റൈസറുകൾ ഉൾപ്പെടെയുള്ള സജീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.