ആലപ്പുഴ: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ യൂത്ത് ലീഗും, യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ആലപ്പുഴ കലക്‌ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് എഎം നസീർ ഉദ്‌ഘാടനം ചെയ്തു. വിശുദ്ധ ഗ്രന്ഥത്തെ പോലും മറയാക്കിയാണ് കള്ളക്കടത്ത് കേസിൽ നിന്നും രക്ഷപ്പെടാനുള്ള വിദഗ്ധമായ ശ്രമമാണ് മന്ത്രി കെ.ടി ജലീൽ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രി സ്ഥാനം ദുരുപയോഗപ്പെടുത്തി കള്ളക്കടത്ത് നടത്തിയ മന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് കളക്ട്രേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി റോഡ് ഉപരോധിച്ചു.
മന്ത്രി ജലീലിന്‍റെ രാജിയാവശ്യപ്പെട്ട് ആലപ്പുഴയിൽ പ്രതിപക്ഷ പ്രതിഷേധം - ആലപ്പുഴയിൽ പ്രതിപക്ഷ പ്രതിഷേധം
ആലപ്പുഴ കലക്‌ടറേറ്റിലേക്ക് യൂത്ത് ലീഗും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ കലക്‌ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ സംഘർഷമുണ്ടായി. ഡിസിസി ഓഫിസിന് മുന്നിൽ നിന്നാരംഭിച്ച യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് കലക്‌ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെപിസിസി സെക്രട്ടറി കെ. ജോബി ഉദ്‌ഘാടനം ചെയ്തു. പ്രതിഷേധക്കാര്‍ ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിൽ പൊലീസും പ്രവർത്തരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പ്രതിഷേധക്കാർ പൊലീസിന് നേരെ തിരിഞ്ഞു. തുടർന്ന് കൊടികെട്ടിയ വടികളും പൈപ്പുകളും കൊണ്ട് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെ സംഘർഷം രൂക്ഷമായി. തുടർന്ന് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.