ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സക്കായി ലഭിച്ച തുക ഓണ്‍ലൈനിലൂടെ നഷ്ടമായെന്ന് പരാതി. ചേർത്തല അര്‍ത്തുങ്കല്‍ സ്വദേശി സേവ്യര്‍ ജോര്‍ജിന്‍റെ അക്കൗണ്ടില്‍ നിന്ന് ഒരുലക്ഷത്തി എഴുപത്തിയയ്യായിരം രൂപ നഷ്ടമായെന്നാണ് പരാതി. സംഭവത്തില്‍ അര്‍ത്തുങ്കല്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടമായെന്ന് പരാതി ഇരു വൃക്കകളും തകരാറിലായതിനെ തുടർന്ന് സേവ്യർ ചികിത്സയിലാണ്. വൃക്കമാറ്റ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം സേവ്യറിനെ തേടിയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ശസ്ത്രക്രിയക്കായി സേവ്യറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബര്‍ മുതലാണ് സേവ്യര്‍ പോലുമറിയാതെ അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്തു തുടങ്ങിയത്.
പണം എങ്ങനെ നഷ്ടമായി?
ശസ്ത്രക്രിയ കഴിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ലഭിച്ച തുക തുടര്‍ ചികിത്സക്കായി ഉപയോഗിക്കാമെന്ന് കരുതി. കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ നിന്നും ചെറിയൊരു തുക പിൻവലിച്ചതായി സൂചന കിട്ടി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടപ്പെട്ട വിവരം കുടുംബം അറിഞ്ഞത്.
Also Read: സംസ്ഥാനത്ത് 33 ട്രെയിനുകള്‍ ജൂൺ 16 മുതല്‍ ഓടിത്തുടങ്ങും
എസ്ബിഐ അർത്തുങ്കൽ ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. മാസങ്ങളോളം സ്ഥിരമായി പണം പിൻവലിച്ചെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പണം നീക്കം ചെയ്ത അക്കൗണ്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ പേടിഎമ്മിനോട് ബാങ്ക് ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലേയിലേക്ക് ഗയിം ചാര്‍ജ് എന്ന രൂപേണയാണ് പണം പോയിരിക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ചെറിയ തുക മുതൽ 5000രൂപ വീതം പലതവണ പോയിയിട്ടുണ്ട്. എന്നാല്‍ താന്‍ മാത്രമായിരുന്നു ഫോണ്‍ ഉപയോഗിച്ചിരുന്നതെന്ന് സേവ്യര്‍ പറഞ്ഞു.തുടര്‍ ചികിത്സക്കുള്ള പണത്തിന് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സേവ്യറും കുടുംബവും.