ആലപ്പുഴ: പുന്നമടയുടെ ജലമാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കേരളത്തിന്‍റെ കായൽപരപ്പുകളിൽ ആവേശത്തിന്‍റെ ഓളം നിറച്ചുകൊണ്ട് നെഹ്റു ട്രോഫിക്കൊപ്പം കന്നി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ (സിബിഎൽ) ആദ്യ മത്സരവും ഇന്ന് നടക്കും. കേരളത്തിലെ പ്രധാന വള്ളംകളികളെ കൂട്ടിയിണക്കി ആഗസ്റ്റ് 31 മുതല്‍ നവംബർ 23 വരെയാണ് സിബിഎല്‍ നടക്കുക. കനത്ത മഴയെത്തുടർന്നായിരുന്നു 67ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ആവേശത്തുഴയെറിയാൻ മണിക്കൂറുകൾ മാത്രം; ഒരുക്കങ്ങൾ പൂര്‍ണം - nehru-trophy-boat-race-today
ആഗസ്റ്റ് 31 മുതല്‍ നവംബർ 23 വരെയാണ് സിബിഎല്‍. കനത്ത മഴയെത്തുടർന്നായിരുന്നു 67-ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
79 ജലരാജാക്കന്മാരാണ് ഇക്കുറി നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്നത്. മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ 3 വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻ വള്ളങ്ങൾ മാറ്റുരക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ആറ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ നാല് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും നാല് ചുരുളൻ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉൾപ്പടെ 56 ചെറുവള്ളങ്ങളും മത്സരരംഗത്തുണ്ട്. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിന് ശേഷമായിരിക്കും നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം.
പുന്നമടയിൽ വള്ളംകളിക്ക് വിസിൽ മുഴങ്ങുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന ആയിരക്കണക്കിന് വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരും. കാണികൾക്കും തുഴച്ചിലുകാർക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിനും മുഖ്യാതിഥിയായുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ വിഭാഗം ടിക്കറ്റ് എടുത്തവർക്കും സൗകര്യപ്രദമായി ഇരുന്ന് മത്സരം കാണാൻ സാധിക്കുന്ന തരത്തിലുള്ള പവലിയനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പരാതികളില്ലാതെ വിജയികളെ കണ്ടെത്തുന്നതിന് കുറ്റമറ്റ രീതിയിലുള്ള സ്റ്റാർട്ടിങ് സംവിധാനമാണ് ഇത്തണവയും ഒരുക്കിയിട്ടുള്ളത്. ജലമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജില്ലാ കലക്ടർ അദീല അബ്ദുള്ള, സബ് കലക്ടർ വിആർ കൃഷ്ണതേജാ തുടങ്ങിയവർ കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.