ആലപ്പുഴ: ജില്ലയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ അടിയന്തര ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാൽ, സബ് കലക്ടർ വി.ആർ.കൃഷ്ണതേജ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറോട് പത്ത് ടോറസ് വാഹനങ്ങൾ തയ്യാറാക്കി നിർത്താൻ യോഗം നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികളുടെയും മത്സ്യബന്ധന ബോട്ടുകളുടെയും സഹായം രക്ഷാപ്രവർത്തനത്തിന് ലഭ്യമാക്കുന്നതിന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നൽകി. ആവശ്യമായ ഡീസൽ, മണ്ണെണ്ണ, പെട്രോൾ എന്നിവ ശേഖരിച്ച് വയ്ക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. പോർട്ട് ഓഫീസറോട് ഹൗസ് ബോട്ടുകൾ സജ്ജമാക്കാനും നിർദ്ദേശിച്ചു.
രക്ഷാപ്രവര്‍ത്തനത്തിനായി പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് 25 അംഗ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) രംഗത്തെത്തിയിട്ടുണ്ട്. ഇവരെ അടിയന്തര മേഖലകളിലേക്ക് വിന്യസിച്ചു. ലഫ്റ്റനന്‍റ് കേണലിന്‍റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാൻ ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം പ്രവർത്തിക്കും. രണ്ട് സംഘങ്ങളെക്കൂടി ജില്ലയിലേക്ക് ആവശ്യമായി വരുകയാണെങ്കിൽ നൽകുന്നതിന് പാങ്ങോട് സജ്ജമാക്കി നിർത്തിയിട്ടുണ്ട്.