ആലപ്പുഴ :വിവിധ ട്രേഡ് യൂണിയൻ - കർഷക സംഘടനകൾ എന്നിവ രാജ്യവ്യാപകമായി ആഹ്വാനം ചെയ്‌ത ദ്വിദ്വിന ദേശീയ പണിമുടക്കിന്‍റെ രണ്ടാം ദിനവും ആലപ്പുഴ ജില്ല നിശ്ചലം. പണിയിടങ്ങളും ഫാക്‌ടറികളും വ്യവസായ സ്ഥാപനങ്ങളും തട്ടുകടകളടക്കമുള്ള കച്ചവടസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് വാഹന ഗതാഗതവും പൂർണമായി നിലച്ചു.
കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പറഞ്ഞെങ്കിലും ആലപ്പുഴയിൽ അത് കാര്യമായി നടപ്പായില്ല. ചുരുക്കം ചില കടകൾ മാത്രമാണ് പ്രധാന നഗരങ്ങളിൽ തുറന്നിട്ടുള്ളത്. സംസ്ഥാനത്ത് കെഎസ്ആർടിസിയും, സ്വകാര്യ ബസുകളും, ഓട്ടോറിക്ഷ, ടെമ്പോ, ടാക്‌സികള്‍ എന്നിവയും നിരത്തിലിറങ്ങിയില്ല. റേഷൻകടകളും തുറന്നില്ല.
പെരുമ്പളത്തേയ്‌ക്ക് വാട്ടർ ആംബുലൻസ് ഒഴികെ ഒരു ബോട്ടുപോലും ഓടിയില്ല. കാർഷിക - മത്സ്യ മേഖലകളും വിനോദസഞ്ചാരവും നിശ്ചലമായി. പൊതുമേഖലാ സ്ഥാപനങ്ങളായ ഓട്ടോകാസ്‌റ്റ്, കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാർമസ്യൂട്ടിക്കൽസ്, കയർബോർഡ്, കേരള കയർ മെഷീനറി മാനുഫാക്‌ചറിങ് കമ്പനി, കേരള സ്‌റ്റേറ്റ് കയർ കോർപറേഷൻ, ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്, കയർഫെഡ് തുടങ്ങിയവയും പൂർണമായി സ്‌തംഭിച്ചു.