ആലപ്പുഴ :ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്തെ ദേശീയപാത പുനർനിർമാണത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് എ എം ആരിഫ് എം പി.
ദേശീയപാത 66ലെ അരൂർ മുതൽ ചേർത്തല വരെയുള്ള 23.6 കിലോമീറ്റർ ദേശീയപാത പുനർനിർമിച്ചതിൽ തിരിമറിയുണ്ടെന്നാണ് എംപിയുടെ ആരോപണം.
വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് എംപി കത്ത് നൽകി. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു.
2019ൽ 36 കോടി ചെലവഴിച്ച് ജർമന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു ദേശീയപാതയുടെ പുനർനിർമാണം. കേന്ദ്ര ഫണ്ടില്‍ നിർമാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനായിരുന്നു.
ALSO READ:സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ജി സുധാകരനെതിരെ രൂക്ഷ വിമർശനം
ജർമൻ സാങ്കേതികവിദ്യ എന്ന ആശയം മുന്നോട്ടുവച്ചത് കേന്ദ്ര സർക്കാരാണ്. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നും എംപി കത്തിൽ കുറ്റപ്പെടുത്തുന്നു.
എന്നാൽ എംപി മന്ത്രിക്ക് അയച്ച കത്ത് ജി സുധാകരനെതിരെയുള്ള നീക്കങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്‌ചയുണ്ടായെന്ന പരാതിയിൽ പാർട്ടിയുടെ അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവാദം.
സിപിഎം ജില്ല കമ്മിറ്റി യോഗത്തിൽ ജി സുധാകരനെതിരെയുള്ള വിമർശന ചർച്ച തുടങ്ങിവച്ചതും ആരിഫ് എംപി ആയിരുന്നു.