കേരളം

kerala

ETV Bharat / city

ആശ്വാസമായി സര്‍ക്കാരിന്‍റെ സാന്ത്വന സ്പര്‍ശം അദാലത്ത്

നിരവധി പേരുടെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമാണ് അദാലത്തിലൂടെ പരിഹാരമായത്.

minister adalat alappuzha  alappuzha news  CMDRF  സാന്ത്വന സ്പര്‍ശം അദാലത്ത്  ആലപ്പുഴ വാര്‍ത്തകള്‍
ആശ്വാസമായി സര്‍ക്കാരിന്‍റെ സാന്ത്വന സ്പര്‍ശം അദാലത്ത്

By

Published : Feb 3, 2021, 12:13 AM IST

ആലപ്പുഴ: ജനങ്ങളുടെ പരാതികള്‍ നേരില്‍ മനസിലാക്കി പരിഹരിക്കാൻ മന്ത്രിമാര്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് ജനശ്രദ്ധയാകര്‍ഷിക്കുന്നു. നിരവധി പേരുടെ പരാതികള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമാണ് അദാലത്തിലൂടെ പരിഹാരമായത്.

  • രോഗബാധിതരായ പിതാവിനും മകള്‍ക്കും സാന്ത്വന സ്പര്‍ശത്തിന്‍റെ കൈത്താങ്

വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ കരുമാടി സ്വദേശി സുദര്‍ശനനും ക്യാന്‍സര്‍ രോഗബാധിതയായ മകള്‍ സുനിതക്കും സഹായത്തിന്‍റെ കരുതലേകി സാന്ത്വന സ്പര്‍ശം അദാലത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25,000 രൂപ വീതമാണ് രണ്ട് പേര്‍ക്കും അദാലത്തിലൂടെ സഹായം അനുവദിച്ചത്. രണ്ട് പേരുടെയും രോഗം മൂലം പ്രതിസന്ധിയിലായ കുടുംബത്തിന് അദാലത്തിലൂടെ ലഭ്യമായ ധനസഹായം ഏറെ ആശ്വാസമാകുമെന്ന് ധനസഹായം അനുവദിച്ചുകൊണ്ടുള്ള രേഖകള്‍ മന്ത്രി ജി. സുധാകരനില്‍ നിന്നും ഏറ്റുവാങ്ങിയശേഷം സുദര്‍ശനന്‍ പറഞ്ഞു.

അമ്പലപ്പുഴ താലൂക്കില്‍ ഉള്‍പ്പെടുന്ന കരുമാടി സയനം വീട്ടില്‍ സുദര്‍ശനന്‍ കഴിഞ്ഞ 13 വര്‍ഷമായി വൃക്ക രോഗ ബാധിതനാണ്. 2009ല്‍ ഇദ്ദേഹത്തിന്‍റെ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടന്നു. സുദര്‍ശനന്‍റെ വരുമാനത്തില്‍ ജീവിച്ചു വന്നിരുന്ന കുടുംബം രോഗവും ചികിത്സയും മൂലം ഏറെ പ്രയാസങ്ങളിലൂടെയാണ് ജീവിച്ചു പോന്നിരുന്നത്. ഇതിനിടയിലാണ് ക്യാന്‍സറിന്‍റെ രൂപത്തില്‍ സുദര്‍ശനന്‍റെ കുടുംബത്തെ തേടി വീണ്ടും ദുരിതമെത്തിയത്. മൂത്ത മകള്‍ സുനിതയ്ക്കാണ് ക്യാന്‍സര്‍ രോഗം പിടിപെട്ടത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുനിതക്ക് ഇപ്പോള്‍ കീമോ നടന്നുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ദിവസം അമ്പലപ്പുഴ താലൂക്കിനായി നടന്ന അദാലത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം പങ്കെടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജില്ലാ ഭരണകൂടത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് എടത്വയില്‍ നടന്ന സാന്ത്വന സ്പര്‍ശം അദാലത്തിലേക്ക് ഇവര്‍ എത്തിയത്.

  • ജീവിതം തളരില്ല: സത്യന് വേദിയില്‍ നിന്നിറങ്ങിച്ചെന്ന് മന്ത്രിമാരുടെ സാന്ത്വന സ്പര്‍ശം

അപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട മാന്നാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ വെളൂതറയില്‍ സത്യന് കിഡ്‌നി സംബന്ധമായ അസുഖത്തിന്‍റെ ചികിത്സയ്ക്കായി ധന സഹായം ഉറപ്പാക്കി സാന്ത്വന സ്പര്‍ശം അദാലത്ത്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന അദാലത്തിനെ കുറിച്ച് അറിഞ്ഞ സത്യന്‍ അക്ഷയ കേന്ദ്രം വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ധനസഹായം അനുവദിച്ചത്. മന്ത്രിമാരായ ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവര്‍ ചേര്‍ന്ന് വേദിയില്‍ നിന്നിറങ്ങി സത്യന് സമീപം ചെന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക അുവദിച്ചുള്ള രേഖ കൈമാറിയത്.

ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴേയ്ക്ക് തളര്‍ന്ന സത്യന്‍ വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കുന്നതിനിടയില്‍ അഞ്ച് വര്‍ഷം മുമ്പാണ് കിഡ്‌നി സംബന്ധമായ അസുഖം പിടിപെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന സത്യന്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ക്ഷേമ പെന്‍ഷനും പേപ്പര്‍ ബാഗ് നിര്‍മാണത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനവും കൊണ്ടാണ് ജീവിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് പേപ്പര്‍ ബാഗ് നിര്‍മിച്ച് കിട്ടുന്ന വരുമാനം നിലച്ചിരിക്കുന്ന ഈ ഘട്ടത്തില്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ ലഭിച്ച ധനസഹായം ഏറെ വിലപ്പെട്ടതാണെന്ന് സത്യന്‍ പറഞ്ഞു.

ABOUT THE AUTHOR

...view details